മലക്കപ്പാറ: വാല്‍പ്പാറയ്ക്കടുത്ത് നടുമല എസ്റ്റേറ്റില്‍ വീടിൻ്റെ മുറ്റത്തുനിന്നിരുന്ന നാലുവയസ്സുകാരനെ പുലി കടിച്ചുകൊണ്ടുപോയി കൊന്നു. എസ്റ്റേറ്റ് തൊഴിലാളികളായ മുഷറഫലിയുടെയും സബിയയുടെയും മകന് സൈദുള്ളയെയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. അമ്മ അടുക്കളയിലേക്ക് മാറിയ സമയം തോട്ടത്തില്‍നിന്ന് വന്ന പുലി കുട്ടിയെയും കൊണ്ട് ഓടിമറഞ്ഞു. ഇതുകണ്ട് അമ്മ കരഞ്ഞ് ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ പന്തങ്ങളും ടോര്‍ച്ചുകളും ആയുധങ്ങളുമായി തോട്ടത്തില്‍ തിരച്ചിലാരംഭിച്ചു.
തലയും ഉടലും വേര്‍പെട്ടനിലയില്‍ എട്ടരയോടെ കുഞ്ഞിൻ്റെ മൃതദേഹം കിട്ടി. വീട്ടില്‍നിന്ന് 350 മീറ്റര്‍ അകലെനിന്നാണ് മൃതദേഹം കിട്ടിയത്.
ജാര്‍ഖണ്ഡ് സ്വദേശിയായ മുഷറഫലിയും കുടുംബവും ഒരുകൊല്ലം മുമ്പാണ് ഇവിടെ താമസമാക്കിയത്. പ്രതിഷേധിച്ച നാട്ടുകാര്‍ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാന്‍ സമ്മതിച്ചിട്ടില്ല.