തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് ഉയര്‍ത്തുമെന്ന സൂചന നല്കി മുഖ്യമന്ത്രി. ഡീസല്‍ വില വര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷമായി ബാധിച്ചു. ബസ് പണിമുടക്ക് ഒഴിവാക്കാന്‍ നിരക്ക് വര്‍ധന വേണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. അത്തരം നടപടി സ്വീകരിക്കേണ്ടി വരുമെന്ന കരുതുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഉടമകളുടെ സംഘടന കഴിഞ്ഞ ദിവസം മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയേ തുടര്‍ന്ന് പിന്മാറുകയായിരുന്നു. യാത്രാ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാമെന്ന് സര്‍ക്കാരിൻ്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചതിനാൽ ആണ് ബസ്സ് ഉടമകൾ സമരത്തില്‍ നിന്ന് പിന്മാറിയത്.
മിനിമം നിരക്ക് 10 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകളുടെ സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ശേഷം നിരക്ക് വര്‍ധന നിലവില്‍ വന്നേക്കുമെന്നാണ് കരുതുന്നത്.