കോട്ടയം: സ്കൂട്ടറിൻ്റെ പിന്നിൽ നിന്ന് റോഡിൽ തലയിടിച്ചു വീണ് പതിന്നാലുകാരി മരിച്ചു. പങ്ങട വെട്ടിക്കോട്ട് അനിയൻകുഞ്ഞിൻ്റെ മകൾ അഞ്ജനയാണ് (മോളമ്മ-14) മരിച്ചത്. സ്കൂട്ടറിനു പിന്നാലെയെത്തിയ പൊലീസ് ജീപ്പ് ഹോൺ മുഴക്കിയതു കേട്ട് പേടിച്ച്, പെട്ടെന്ന് തിരിഞ്ഞുനോക്കിയ അഞ്ജന ബാലൻസ് തെറ്റി റോഡിലേക്കു വീഴുകയായിരുന്നു. പാമ്പാടി ശിവദർശന പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് .
പൊലീസ് വാഹനത്തിൽ തന്നെ അഞ്ജനയെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ. മാതാവ്: മിനി. സഹോദരൻ: ആദർശ്.