ആലുവ: ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുക്കമായി. മണപ്പുറത്ത് കച്ചവടസ്റ്റാളുകളുടെയും താല്‍ക്കാലിക ഓഫീസുകളുടെയും നിര്‍മാണം ആരംഭിച്ചു. ശിവരാത്രിക്ക് 12 ദിവസം മാത്രം ബാക്കിയുള്ളതിനാല്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാലത്തിൻ്റെ തൂണുകള്‍ക്കായുള്ള തെങ്ങിന്‍കുറ്റികള്‍ സ്ഥാപിക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്.
ചേര്‍ത്തല, ആലപ്പുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഉയരം കൂടിയ തെങ്ങിന് കുറ്റികള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. കുമ്പളങ്ങിയില്‍ നിന്നുള്ള തൊഴിലാളികളാണ് മേല്‍നോട്ടം വഹിക്കുന്നത്. ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പാലത്തിൻ്റെ നിര്‍മാണം. നിര്‍മാണത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പാലത്തിൻ്റെ പണി പൂര്ത്തിയാക്കികഴിഞ്ഞാല് ഇറിഗേഷന്‍വകുപ്പ്, പിഡബ്ല്യുഡി, നഗരസഭ, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ പരിശോധനകള്‍ നടക്കും. അതിനുശേഷമായിരിക്കും ഭക്തര്‍ക്ക് തുറന്നുകൊടുക്കുക. 18ന് പാലത്തിൻ്റെ ഉദ്ഘാടനം നടത്തുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എന്‍.അനില്‍കുമാര്‍ പറഞ്ഞു.