പത്തനംതിട്ട: നൂറാം വയസ്സിൽ നാടിൻ്റെ വലിയ ഇടയന് പത്മവിഭൂഷണ്‍ നല്കി രാജ്യത്തിൻ്റെ ആദരം. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയെ തേടി രാജ്യത്തിൻ്റെ പത്മ ബഹുമതി എത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രായം ചെന്ന ബിഷപ്പ് കൂടിയാണ് മാര്‍ ക്രിസോസ്റ്റം.
ഏഴ് പതിറ്റാണ്ടിലധികം മാര്‍ത്തോമാ സഭയുടെ വിവിധ ചുമതലകള്‍ വഹിക്കുകയും സഭയുടെ പരമാധ്യക്ഷപദവി അടുത്ത തലമുറക്ക് കൈമാറി കോഴഞ്ചേരിയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തക്ക് 100-ാ മത്തെ വയസിലാണ് രാജ്യത്തിൻ്റെ ആദരം എത്തിയത്. ഒരു പക്ഷെ ആദ്യമായി പത്മ ബഹുമതി ലഭിക്കുന്ന ക്രിസ്തീയ പുരോഹിതനായ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലിത്തക്ക് ഇത് വൈകിയെത്തിയ അംഗീകാരമാണെന്ന് അദ്ദേഹത്തിൻ്റെ ജീവിതം അടുത്തറിയുന്ന ആര്‍ക്കും നിസംശയം പറയാനാവും.
വിശ്രമജീവിതത്തിലും വിശക്കുന്നവന് ഭക്ഷണവും രോഗികള്‍ക്ക് ചികിത്സാസഹായവും വീടില്ലാത്തവര്‍ക്ക് വീടും നല്‍കുന്നതിന് നേതൃത്വം നല്‍കിക്കൊണ്ട് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ മെത്രാപ്പോലീത്ത സജീവമായുണ്ട്.