കൊച്ചി: ബ്ലഡ് മാഫിയക്കെതിരെ നടപടി എടുത്ത പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാസംഘം വധിച്ചേക്കുമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്. കൊല്ലം ഈസ്റ്റ് എസ്ഐ ആയിരുന്ന ഗോപകുമാറിനെയും സഹ ഉദ്യോഗസ്ഥരെയും വാഹനാപകടം ഉണ്ടാക്കി കൊല്ലുമെന്നാണ് ഭീഷണിയുള്ളത്. പൊലീസുകാര്‍ക്ക് സുരക്ഷ ഒരുക്കാൻ ഡിജിപി സര്‍ക്കുലര്‍ ഇറക്കി. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി മൂന്ന് വര്‍ഷം മുൻപ് കൊല്ലത്ത് ജനകല്യാണ്‍, സത്യൻ ബാങ്കേഴ്സ് എന്നീ സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും പിടികൂടി. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ശശീന്ദ്രബാബുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായിരുന്നു ഇവ. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കൊള്ളപ്പലിശയ്ക്ക് പണം നല്‍കിയതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു.
കൊല്ലം ഈസ്റ്റ് എസ്ഐ ആയിരുന്ന ഗോപകുമാര്‍, സഹഉദ്യോഗസ്ഥരായ ജോസ് പ്രകാശ്, അലൻബാബു എന്നിവര്‍ ചേര്‍ന്ന് ശശീന്ദ്രബാബുവിനെ അറസ്റ്റും ചെയ്തിരുന്നു. ഇയാളും അറസ്റ്റിലായ മറ്റുള്ളവരും ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഉദ്യോഗസ്ഥരെ വധിക്കുമെന്ന ഭീഷണി ഉണ്ടായത്. ഇപ്പോള്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലുള്ള ഗോപകുമാറിനെ സംഘത്തെയും വാഹനാപകടത്തില്‍ കൊല്ലാൻ ചിലര്‍ ക്വട്ടേഷൻ എടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.