ന്യൂഡല്‍ഹി: പൂര്‍ണസുരക്ഷിതമെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അവകാശപ്പെടുന്ന പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും ഓണ്‍ലൈന്‍ വഴി വില്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.
കഴിഞ്ഞ നവംബറിലാണ് ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യാതൊരുവിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും സര്‍ക്കാര്‍ രാജ്യത്തോട് പറഞ്ഞത്. അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും പണം കൊടുത്ത് ആയിരക്കണക്കിന് ആധാര്‍ വിവരങ്ങളാണ് ട്രിബ്യൂണ്‍ വാങ്ങിയത്. അതും വെറും 500 രൂപ മാത്രം നല്കി.
രാജ്യ വ്യാപകമായി ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയം തുടങ്ങിയ കോമണ്‍ സര്‍വീസ് സെന്റേഴ്സ് സ്കീമിന് (സി.എസ്.സി.എസ്.)കീഴില്‍ വരുന്ന വില്ലേജ് ലെവല്‍ എന്റര്‍പ്രൈസുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.