തിരുവനന്തപുരം: ഓര്‍ഡിനറി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് ഏഴ് രൂപയിൽനിന്നും എട്ടുരൂപയായി ഉയര്‍ത്താന്‍ ജസ്റ്റിസ് എം. രാമചന്ദ്രന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. . മറ്റു യാത്രനിരക്കുകളില്‍ പത്തുശതമാനം വര്‍ധനയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്മിഷന് ശുപാര്‍ശകള്‍ ഗതാഗതവകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞ ദിവസം കൈമാറി. ഇത് മന്ത്രിസഭായോഗത്തില്‍ പരിഗണിക്കും.
മിനിമം ടിക്കറ്റ് നിരക്ക് പത്തു രൂപയാക്കണമെന്നാണ് സ്വകാര്യബസുകാര്‍ ആവശ്യപ്പെട്ടത്. 2014-ല്‍ ആണ് നേരത്തേ ബസ് നിരക്ക് വര്‍ധിപ്പിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം നിലവിലുള്ള 14 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് നേരത്തേ കമ്മിഷന് നിര്‍ദേശിച്ചിരുന്നു. ഡീസല്‍ വില കൂടിയതും ജീവനക്കാരുടെ വേതനവര്ധനയുമാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിക്കാന്‍ സ്വകാര്യബസ് ഉടമകളെ പ്രേരിപ്പിച്ചത്.