റിയാദ്: കിംഗ് സല്മാന് വേള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് റിയാദില്‍ ആരംഭിച്ചു. 70 രാജ്യങ്ങളില്‍ നിന്നുളള പ്രമുഖ താരങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. മത്സരം ഈ മാസം 30ന് സമാപിക്കും.
20 ലക്ഷം ഡോളര്‍ സമ്മാന തുകയുളള ലോക ചെസ് മാമാങ്കത്തിനാണ് റിയാദില്‍ അരങ്ങേറ്റം തുടങ്ങിയത്. ചെസ് ഫെഡറേഷന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്. നിലവിലെ ചാമ്പ്യന്‍ നോര്‍വേയിലെ മാഗ്നസ് കാള്സണ്, ലോക മുന്‍ ചാമ്പന്‍ ഇന്ത്യക്കാരനായ വിശ്വനാഥന് ആനന്ദ് എന്നിവര്‍ ഉള്‍പ്പെടെ 400ലധികം താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
റിയാദ് അപക്സ് കണ്വന്ഷന് സെന്ററില്‍ നടന്ന ഉദ്ഘാടന പരിപാടില്‍ സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്മാന് തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്സിന് ആലു ശൈഖ്, ഫിഡെ ഡപ്യൂട്ടി പ്രസിഡന്റ് ജോര്‍ജിയോസ് മാര്കോപുലസ്, ഏഷ്യന്‍ ചെസ് ഫെഡറേഷന് ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്, സൗദി ഫെഡറേഷന് ചെയര്മാന് സുലൈമാന്‍ മുഅതസ് അബ്ദുറഹ്മാന് എന്നിവര്‍ സന്നിഹിതരായിരുന്നു.