തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഓഖി ചുഴലിക്കാറ്റിൻ്റെ ദുരിതം വിലയിരുത്താന്‍ കേരളത്തിലെത്തും. പൂന്തുറ സെയ്ന്റ് തോമസ് സ്കൂളില്‍ ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. അതേസമയം ദുരന്തത്തിൻ്റെ വ്യാപ്തി അവതരിപ്പിക്കാന്‍ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പൂന്തുറയില്‍നിന്ന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രി, മന്ത്രിമാര്‍, സഭാ പ്രതിനിധികള്‍, ദുരിതമേഖലയില്നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതായി ബിജെപി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. രാജ്ഭവനില്‍ ചര്‍ച്ചായോഗം നടത്തി അദ്ദേഹത്തെ തിരികെ അയയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം ബിജെപി ഇടപെടല്‍ മൂലമാണ് ഒഴിവായതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു.