ദില്ലി: പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഇന്നാരംഭിക്കും. 21 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ജനുവരി അഞ്ചിനാണ് സമാപിക്കുക. തിങ്കളാഴ്ച ഗുജറാത്ത്, ഹിമാലചല്‍ പ്രദേശ് എന്നീവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരാനിരിക്കെ ഈ സമ്മേളനം അതുകൊണ്ടു തന്നെ ഏറെ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.
വെള്ളിയാഴ്ചത്തെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി വ്യാഴാഴ്ച സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. സഭാനടപടികളുമായി സഹകരിക്കണമെന്നു സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനം നേരത്തേ നവംബറില്‍ ആരംഭിച്ചു ഡിസംബര്‍ പകുതിയോടെയാണ് സമാപിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഗുജറാത്ത് തിരഞ്ഞെടുപ്പ് വന്നതിനാല്‍ സമ്മേളന കാലയളവ് മാറ്റുകയും വെട്ടിച്ചുരുക്കുകയുമായിരുന്നു.