കെടുകാര്യസ്ഥതയും കടക്കെണിയും മൂലം പ്രതിസന്ധിയിലാവുന്ന ബാങ്കുകളും ഇൻഷുറൻസ് സ്ഥാപനങ്ങളും അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെ ഇനി സർക്കാർ സംരക്ഷിക്കില്ല. പകരം, ഇത്തരം സ്ഥാപനങ്ങളെ പിടിച്ചു നിർത്താൻ നിക്ഷേപകരുടെ പണമെടുക്കും. രാജ്യത്തെ ബാങ്കുകളിലെയും മറ്റും കോടിക്കണക്കിന് വരുന്ന നിക്ഷേപകരെ അക്ഷരാർഥത്തിൽ കെണിയിലാക്കുന്ന കടുത്ത നിർദേശങ്ങൾ, ഡിസംബർ 15ന് ആരംഭിക്കുന്ന പാർലമൻ്റിൻ്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന എഫ്.ആർ.ഡി.ഐ (ഫിനാൻഷ്യൽ റെസൊല്യൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ്) ബില്ലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബില്ലിലെ ‘ബെയ്ൽ-ഇൻ’ വ്യവസ്ഥയാണ് നിക്ഷേപകർക്ക് ഇടിത്തീയാവാൻ പോകുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളുടെ നിക്ഷേപകരുടെ കൂട്ടായ്മകൾ ‘നോ ബെയ്ൽ-ഇൻ’ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
സഹകരണ ബാങ്കുകൾ അടക്കമുള്ള ബാങ്കുകളെയും മറ്റ് ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങളെയും വേണ്ടിവന്നാൽ അടച്ചു പൂട്ടാൻ വരെ അധികാരമുള്ള ‘ഫിനാൻഷ്യൽ െറസൊല്യൂഷൻ കോർപറേഷൻ’ എന്ന പുതിയ സ്ഥാപനത്തിെൻറ രൂപവത്കരണമാണ് എഫ്.ആർ.ഡി.െഎ ബില്ലിലെ സുപ്രധാന നിർദേശം. പാർലമെൻറിെൻറ വിഷയ നിർണയ സമിതി പരിശോധിച്ചു വരുന്ന ഇൗ ബിൽ വരുന്ന സമ്മേളനത്തിൽ പാസാക്കാൻ അരയും തലയും മുറുക്കി സർക്കാർ രംഗത്തുണ്ട്.
ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകെൻറ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തുകക്ക് നിലവിൽ ഗാരണ്ടിയുണ്ട്. റിസർവ് ബാങ്കിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡി.ഐ.സി.ജി.സി (ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരണ്ടി കോർപറേഷൻ) എന്ന സ്ഥാപനമാണ് ഇക്കാര്യങ്ങൾ നിർവഹിക്കുന്നത്. എഫ്.ആർ.ഡി.ഐ ബില്ലിൽ പറയുന്ന ഫിനാഷ്യൽ റെസൊല്യൂഷൻ കോർപറേഷൻ്റെ വരവോടെ ഡി.ഐ.സി.ജി.സി ഇല്ലാതാവും.
ഫലത്തിൽ, നിക്ഷേപകന് നിക്ഷേപത്തുക തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്ത സ്ഥിതി വരും. നിർദിഷ്ട ബില്ലിൽ നിക്ഷേപകന് ആദ്യ പരിഗണന നൽകുമെന്ന് പറയുന്നുണ്ടെങ്കിലും അതിൻ്റെ തുകയോ മറ്റു വിശദാംശങ്ങളോ ഇല്ല. പ്രതിസന്ധിയിലാകുന്ന ബാങ്കുകളെ പൊതുധനം കൊടുത്ത് സർക്കാർ സഹായിക്കുന്ന ‘ബെയ്ൽ-ഒൗട്ടി’ന് പകരം നിക്ഷേപകൻ്റെ പണമെടുത്ത് ജാമ്യം നൽകുന്ന ‘ബെയ്ൽ-ഇൻ’ വരുന്നതോടെ നിക്ഷേപകർ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ആൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ ദേവരാജ് പറഞ്ഞു.
ചുരുക്കത്തിൽ, ആവശ്യമുള്ളപ്പോൾ നിക്ഷേപത്തുക കിട്ടാത്ത സ്ഥിതി വരും. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം അമേരിക്ക തയാറാക്കിയ ഇത്തരമൊരു പദ്ധതി ജി-20 രാഷ്ട്രങ്ങളിലേക്കും അടിച്ചേൽപ്പിക്കുകയാണെന്നും അതിൽ അംഗമായ ഇന്ത്യ അതേപടി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും തോമസ് ഫ്രാങ്കോ ചൂണ്ടിക്കാട്ടി. എഫ്.ആർ.ഡി.ഐ ബിൽ പാസാവുന്ന സാഹചര്യമാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (കേരള) പ്രസിഡൻ്റെ ടി. നരേന്ദ്രൻ പറഞ്ഞു. പ്രതിസന്ധിയിലാകുന്ന ധനകാര്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനോ മറ്റൊന്നിൽ ലയിപ്പിക്കാനോ തീരുമാനിക്കാൻ നിർദിഷ്ട കോർപറേഷന് അധികാരമുണ്ട്. അതിൽ കൈകടത്താൻ റിസർവ് ബാങ്കിനും പാർലമൻ്റിനു പോലും അവകാശമില്ല. സഹകരണ മേഖലക്കും നിർദിഷ്ട നിയമം ബാധകമാവുമെന്നത് കേരളത്തിന് പ്രത്യേകിച്ച് ആഘാതമേൽപ്പിക്കും.