തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ജനുവരി ഒന്നു മുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. വൈകി എത്തുന്നവരുടെ ശമ്പളം പിടിക്കുമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവില്‍ പറഞ്ഞു. ഇതോടൊപ്പം എല്ലാ ജീവനക്കാരും തിരച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കുമായി പഞ്ചിംഗിനെ ബന്ധിപ്പിക്കുക. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ 15ന് മുന്‍പ് അവ കൈപ്പറ്റണം.
ജീവനക്കാര്‍ ഓഫീസിലെത്തി പഞ്ച് ചെയ്തു കഴിഞ്ഞാല്‍ പിന്നെ മുങ്ങുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ പഞ്ചിംഗ് മെഷീന് സ്ഥാപിച്ചിട്ടുള്ളത് സെക്രട്ടേറിയറ്റ് മെയിന്‍ കെട്ടിടത്തിലും അനക്സ് ഒന്നിലുമാണ്. അനക്സ് രണ്ടിലുള്ളവര്‍ രാവിലെ 10.15 നകം മെയിന്‍ കെട്ടിടത്തിലോ, അനക്സ് ഒന്നിലോ പഞ്ചിംഗ് നടത്തി സ്വന്തം കാര്യത്തിനായി പോകുന്നുവെന്നാണ് ആക്ഷേപം. പിന്നെ ഓഫീസിലെത്തുന്നത് തോന്നിയ നേരത്താണ്. പഞ്ചിംഗില്‍ കൃത്യസമയം പാലിച്ചിരിക്കുന്നതിനാല്‍ ആര്‍ക്കുമൊട്ട് ചോദിക്കാനുമാവില്ല. അനക്സ് രണ്ടില്‍ കാന്റീന് സൗകര്യമില്ലാത്തതിനാല്‍ ചായ കുടിക്കാനും ഊണ് കഴിക്കാനുമെല്ലാം പുറത്തേക്ക് പോകുന്നവരും തിരിച്ചെത്തുന്നത് തോന്നുംപടിയാണ്. 2016 മാര്‍ച്ചില്‍ തുടങ്ങിയ അനക്സ് രണ്ടില്‍ 1250 ജീവനക്കാരാണുള്ളത്.