തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി യില്‍ ശമ്പള വിതരണവും പെന്ഷന് വിതരണവും അനിശ്ചിതത്വത്തില്‍. ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ശമ്പളം വിതരണം ചെയ്യാതെ മുന്നോട്ടു പോകാനാകില്ലെന്ന് കെ.എസ്.ആര്.ടി.സി എംഡി ഗതാഗത സെക്രട്ടറിയെ അറിയിച്ചു. ശമ്പളം വിതരണം ചെയ്യുന്നതില്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് കഴിഞ്ഞമാസം 20ന് കെ.എസ്.ആര്.ടി.സി എംഡി ഗതാഗത സെക്രട്ടറിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കോര്പറേഷന് അധികൃതര്‍ പറയുന്നു. വിവിധ സഹകരണ ബാങ്കുകളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും ശമ്പള വിതരണത്തിനുള്ള മുഴുവന്‍ തുകയും കണ്ടെത്താനായില്ല. ശമ്പള വിതരണത്തിനായി അറുപത് കോടി രൂപ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ പെന്‍ഷനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കെഎസ്ആര്‍ടിസി എംഡി എ.ഹേമചന്ദ്രന് വ്യക്തമാക്കി.