ജിദ്ദ: ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ സൗദിയുടെ പടിഞ്ഞാറന്‍ മേഖല വെള്ളത്തിനടിയിലായി. രാവിലെ മുതല്‍ ജിദ്ദയില്‍ മഴ തുടങ്ങിയതോടെ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് രാവിലെ മുതല്‍ ഉണ്ടായത്. രണ്ട പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ ഷോക്കേറ്റ് മരിച്ചതായും, മറ്റൊരാള്‍ വീട് തകര്‍ന്ന് മരിച്ചതായുമാണ് റിപ്പോര്‍ട്ട്.
വാഹനങ്ങളിലും കടകളിലും ഗോഡൗണുകളിലും വെള്ളം കയറി. 481 പേരെ സിവില്‍ ഡിഫന്‍സ് വിവിധയിടങ്ങളില്‍ രക്ഷപ്പെടുത്തി എന്നാണ് വൈകുന്നേരം വരെയുള്ള കണക്ക്. 181 പേര്‍ക്ക് ഷോക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 2000ത്തോളം പേര് രക്ഷാസേനയുടെ സഹായം തേടി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ജിദ്ദ- മക്ക എക്സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടഞ്ഞു. നഗരത്തിലെ തുരങ്കങ്ങളില്‍ വെള്ളം നിറഞ്ഞുകവിഞ്ഞു.