കോട്ടയം: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നെടുത്ത് നല്കുന്നവരില് ഭൂരിഭാഗവും മതിയായ യോഗ്യതയില്ലാത്തവര്‍. പരാതികളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം എട്ട് ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 209 മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സാണ് റദ്ദ് ചെയ്തത്. മെഡിക്കല്‍ സ്റ്റോറില്‍ അംഗീകൃത ഫാര്‍മസിസ്റ്റുകള്‍ ഒരാളെങ്കിലും വേണമെന്നതും പാലിക്കപ്പെടുന്നില്ല.
കര്‍ശന നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ മതിയായ യോഗ്യതയില്ലാത്തവരാണ് ജോലി ചെയ്യുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ 209 മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് ഡ്രഗ്സ് കണ്ട്രോള് വിഭാഗം റദ്ദു ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ നടപടി നേരിട്ടത് കൊച്ചിയിലും ആലപ്പുഴയിലുമാണ്.
ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് റൂള്‍സ് പ്രകാരം രജിസ്റ്റേഡ് ഫാര്‍മസിസ്റ്റ് ഉണ്ടെങ്കില്‍ മാത്രമേ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ലൈസന്‍സ് ലഭിക്കു. താത്കാലികമായി ഇത്തരമൊരാളെ കണ്ടെത്തുകയോ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങിവെയ്ക്കുകയോ ആണ് പലയിടത്തും നടക്കുന്നത്. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരോട് ഫാര്‍മസിസ്റ്റ് അവധിയിലാണെന്നു പറഞ്ഞ് തടിതപ്പുകയും ചെയ്യും. അതേസമയം, അംഗീകൃത ഫാര്മസിസ്റ്റില്ലാത്ത ഒരു മെഡിക്കല്‍ സ്റ്റോര്‍ പോലും സംഘടനയിലില്ലെന്ന് ഡ്രഗ്സ് അസോസിയേഷന് ഭാരവാഹികള്‍ പ്രതികരിച്ചു.