തിരുവന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ ആധാർ അധിഷ്ഠിത പഞ്ചിങ്ങ് സംവിധാനം വരുന്നു. ഔദ്യോഗിക കാര്യങ്ങൾക്ക് വേറേ ഓഫീസുകളിൽ പോകുന്ന ജീവനക്കാർക്ക് അവിടെയും ഹാജർ രേഖപ്പെടുത്താനും തുടർച്ചയായി വൈകിയെത്തുന്നവരെ അവധിയായി കണക്കാക്കനും കഴിയുന്ന സംവിധാനമാണ് വരുന്നത്. പദ്ധതിയുടെ വിശദ വിവരങ്ങൾ സമർപ്പിക്കാൻ നാഷണൽ ഇൻഫർമാറ്റിക്ക് സെൻ്ററിനോട് ഐ.റ്റി വകുപ്പ് ആവശ്യപ്പെട്ടു. വിരലടയാളം പതിക്കുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ കെൽട്രോൺ വഴി വാങ്ങും. ആദ്യഘട്ടത്തിൽ സെക്രട്ടറിയറ്റിലാണ് ഇത് നടപ്പാക്കുക. സർക്കാർ ഓഫീസുകളിലെ നിലവിലുള്ള പഞ്ചിങ് മെഷീനുകൾ ഹാജർ നീരിക്ഷിക്കാൻ മാത്രമാണ് ഉപയോഗപ്പെടുക. ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാർക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താതിനാൽ ജീവനക്കാർ എത്തുന്ന സമയമോ നേരത്തെ പോകുന്ന ജീവനക്കാരെയോ കണ്ടെത്താൻ കഴിയുന്നില്ല. അവധി നിർണ്ണയിക്കുന്നത് ഹാജർ ബുക്കിൻ്റെ അടിസ്ഥാനത്തിലാണ്. മേലുദ്ദ്യോഗസ്ഥൻ്റെ അറിവോടെ ഒപ്പിടലിൽ ക്രിതൃമം കാണിക്കുന്നവരുമുണ്ട്. എന്നാൽ സ്പാർക്കുമായി ബന്ധിപ്പിച്ച ആധാർ അധിഷ്ഠിത പഞ്ചിങ് വരുന്നതോടെ ഇതിന് ഒരു പരിഹാരമാകും.