ആലപ്പുഴ: വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പട്ടം സിത്താരയില്‍ (12/1462) ഡോ. വി.ആര്. രാജശേഖരനെ(53)യാണ് ആശുപത്രിയിലെ തൊറാസിക് വിഭാഗം യൂണിറ്റിനോടു ചേര്‍ന്നുള്ള വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 8.50ഓടെ യൂണിറ്റിലെ നേഴ്സ് വിളിക്കുമ്പോള്‍ അനക്കമില്ലാതെ തറയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇദ്ദേഹം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു. ഒരു വര്‍ഷം മുമ്പാണ് വണ്ടാനം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവിയായി ചാർജേടുത്തത്.
പുലര്‍ച്ചെ 4:30ന് കാര്‍ഡിയോ തൊറാസിക് യൂണിറ്റിലെത്തിയ രോഗികളെ ഇദ്ദേഹം പരിശോധിച്ചിരുന്നു. 5.30ന് മൊബൈല്‍ഫോണില്‍ നിന്ന് സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. പിന്നീട് 8.45 ന് നേഴ്സ് രോഗിയുടെ വിവരം അറിയിക്കുന്നതിനായി വിശ്രമമുറിയുടെ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും അനക്കമുണ്ടായില്ല. തുടര്‍ന്ന് ഫോണില്‍ ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനാല്‍ മുറിയിലെത്തിയപ്പോൾ കിടക്കയില്‍ നിന്ന് തറയില്‍ വീണ നിലയിലാണ് കണ്ടെത്തിയത് തലയില്‍ മുറിവുമുണ്ടായിരുന്നു.
തറയില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. ജില്ലാ പോലീസ് മേധാവി കെ. സുരേന്ദ്രന് സ്ഥലത്തെത്തി പരിശോധന നടത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറായ ഭാര്യ നിമ്മിയും വണ്ടാനം ആശുപത്രിയിലെത്തി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ അമ്പലപ്പുഴ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.