കൊച്ചി: വിദ്യാര്‍ഥികള്‍ കോളേജിലേക്കു വരുന്നത് പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിനു ഒരു സ്ഥാനവുമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. മലപ്പുറം പൊന്നാനി എംഇഎസ് കോളജ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരവും സത്യാഗ്രഹവുമെല്ലാം നടത്തുന്നതും ശരിയല്ല. ഇത്തരത്തില്‍ സമരം സംഘടിപ്പിക്കുന്നവരെ പുറത്താക്കണമെന്നും കോടതി ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. പഠന അന്തരീക്ഷം നിലനിര്‍ത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കേണ്ടത് പോലീസാണ്. സമരം ചെയ്യുന്നവരെ സ്ഥാപനത്തില്‍ നിന്നു പുറത്താക്കാന്‍ പ്രിന്‍സിപ്പാളിനും കോളേജ് അധികൃതര്‍ക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗത്തിലൂടെയാണ് നേടിയെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റുവട്ടത്ത് സമരപ്പന്തലും പിക്കറ്റിങും അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. പൊന്നാനി എംഇഎസ് കോളേജില്‍ എസ്എഫ്ഐയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നു. എസ്എഫ്ഐയുടെ വിദ്യാര്‍ഥി നേതാവിനെതിരേ കേളേജ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നു കോളേജിനു മുന്നില്‍ ധര്‍ണയും ടെന്റ് കെട്ടിയുള്ള സമരവുമെല്ലാം നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കേളേജ് മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചത്.