ന്യൂഡല്‍ഹി: കോളേജുകളിലെയും സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫിൻ്റെയും ശമ്പളം 22 മുതൽ 28 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.  2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധന നിലവില്‍ വരും. രാജ്യത്തെ 7.58 ലക്ഷം അധ്യാപകര്‍ക്ക് ഇതിൻ്റെ ഗുണം ലഭിക്കും.

ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ അനുസരിച്ചാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. യു.ജി.സി.ക്കും മാനവശേഷി വികസനമന്ത്രാലയത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന 106 സര്‍വകലാശാലകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള 329 സര്‍വകലാശാലകള്‍, 12,912 സ്വകാര്യ എയിഡഡ് കോളേജുകള്‍ എന്നിവിടങ്ങളിലെ അധ്യാപകരുടെ ശമ്പളമാണ് വര്‍ധിക്കുക. 10,400 രൂപ മുതല്‍ 49,800 രൂപ വരെ വര്‍ധനവുണ്ടാകുമെന്ന് തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

വര്‍ധന ഇപ്രകാരം

  • അസി. പ്രൊഫസറുടെ തുടക്ക ശമ്പളത്തില്‍ 10,400 രൂപയുടെ വര്‍ധന.
  • അസി. പ്രൊഫസറുടെ ശമ്പളം 47,304 രൂപയില്‍നിന്ന് 57,700 രൂപയാവും.
  • രണ്ടാം ഗ്രേഡിലുള്ള അസി. പ്രൊഫസറുടെ ശമ്പളം 56,480 രൂപയില്‍നിന്ന് 68,900 രൂപ.
  • അസോ. പ്രൊഫസറുടെ ശമ്പളം 1,07,748 രൂപയില്‍നിന്ന് 1,31,400 രൂപ.
  • പ്രൊഫസര്‍മാരുടെ ശമ്പളത്തില്‍ 24 ശതമാനം വര്‍ധന. ഇത് 1,16,070 രൂപയില്‍ നിന്ന് 1,44,200 രൂപയാക്കും.
  • സീനിയര്‍ പ്രൊഫസര്‍മാരുടെ ശമ്പളം 1,46,000 രൂപയില്‍നിന്ന് 1,82,000 രൂപയാവും.
  • വൈസ് ചാന്‍സലര്‍മാരുടെ ശമ്പളത്തില്‍ 28 ശതമാനം വര്‍ധന. 1,75,200 രൂപയില്‍നിന്ന് 2,25,000 രൂപയാവും.