കൊച്ചി: പെൻഷൻ അക്കൗണ്ടിലെ തുകയിൽനിന്നു വായ്പാ കുടിശിക ബാങ്കിനു സ്വമേധയാ ഈടാക്കാനാവില്ലെന്നും ഇതനുവദിച്ചാൽ പെൻഷൻ പദ്ധതിയുടെ ലക്ഷ്യം തന്നെ ഇല്ലാതാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
റിട്ടയർമെന്റ് ജീവിതകാലത്തെ ചെലവു വഹിക്കാനായി സാമൂഹ്യ സുരക്ഷാ സംവിധാനമെന്ന നിലയിലാണു പെൻഷൻ അനുവദിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
രാജ്യാന്തര തലത്തിൽതന്നെ ഇത്തരമൊരു സംവിധാനത്തെ മനുഷ്യാവകാശത്തിന്റെ ഭാഗമായാണു പരിഗണിക്കുന്നത്. അനുവദിക്കപ്പെട്ട പെൻഷൻ ലഭിക്കുകയെന്നത് മനുഷ്യാവകാശത്തിലെ അവിഭാജ്യ ഘടകമാണ്. പെൻഷനു വേണ്ടി മാത്രം തുടങ്ങിയ അക്കൗണ്ടിൽനിന്നു കുടിശിക ഈടാക്കാനാവില്ല.സാധാരണഗതിയിൽ നിക്ഷേപങ്ങളിലും ജാമ്യത്തുകയിലുമാണ് ബാങ്കിന് ഇത്തരം അധികാരമുള്ളത്.
കോട്ടയം മാങ്ങാനം സ്വദേശിയും റിട്ടയേർഡ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥനുമായ സി. രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പെൻഷനു വേണ്ടി ഹർജിക്കാരൻ പുതുപ്പള്ളിയിലെ എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിരുന്നു.
ഇതോടെ കുടിശിക ബാങ്ക് അധികൃതർ പെൻഷൻ അക്കൗണ്ടിൽനിന്ന് ഈടാക്കിത്തുടങ്ങി. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.