തിരുവനന്തപുരം∙ കാൻസർ രോഗികൾക്കു പെൻഷൻ അപേക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ഒാങ്കോളജിസ്റ്റുകൾക്കു മാത്രമേ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്ന നിർദേശമാണു റദ്ദാക്കിയത്. ഈ നിർദ്ദേശം ആയിരക്കണക്കിന് രോഗികളെ ബുദ്ധിമുട്ടിച്ചിരുന്നു.
തിരുവനന്തപുരം ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ ഡോക്ടർമാർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു നിർദേശം. എന്നാൽ മറ്റു ജില്ലകളിലെ രോഗികൾ ബുദ്ധിമുട്ടിലായി. ഡോക്ടറുടെ സർട്ടിഫിക്കറ്റിനു വേണ്ടി ഗുരുതരവസ്ഥയിലുള്ള രോഗികൾക്കു പോലും മറ്റു ജില്ലകളിലേക്കു മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടതായും വന്നു. പെൻഷൻ തുക മുന്നൂറിൽനിന്ന് ആയിരമായി ഉയർത്തിയിട്ടും അസൗകര്യങ്ങൾ മൂലം ചിലർ അപേക്ഷിച്ചതു പോലുമില്ല.
ഇവയെല്ലാം കണക്കിലെടുത്താണ് മാനദണ്ഡങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്. ജില്ലാ-ജനറൽ ആശുപത്രികളിലെ കീമോതൊറാപ്പി ക്യുറേറ്റീവ് പാലിയേറ്റീവ്, റേഡിയോ തെറാപ്പി ഡോക്ടർമാർക്ക് ഇനി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം. ഇതോടെ രോഗികൾക്ക് കുറച്ചു കൂടി സൌകര്യപ്രദമായി. ജില്ലാ കലക്ടർമാർക്കും മെഡിക്കൽ ഒാഫിസർമാർക്കും ഉത്തരവ് ലഭിച്ചു.