കൊച്ചി: കൊച്ചിയുടെ ആകാശക്കാഴ്ചകളിലേക്കു ചിറകുവിരിച്ച്, ഉത്സവച്ഛായയിൽ മെട്രോയുടെ നഗരപ്രവേശനം. ഇന്നലെ രാവിലെ 10.36 ന് മുഖ്യമന്ത്രിയും കേന്ദ്ര നഗരകാര്യമന്ത്രി ഹർദീപ് സിംഗ് പുരിയും അടക്കമുള്ള വിഐപികളെ വഹിച്ചുകൊണ്ട് മെട്രോ ട്രെയിൻ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ജെഎൽഎൻ സ്റ്റേഡിയം) സ്റ്റേഷനിൽ നിന്നു ചൂളംവിളിച്ചു കുതിച്ചതോടെ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള മെട്രോയുടെ രണ്ടാം റീച്ചിലെ പാത ഗതാഗതത്തിനായി തുറന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം ആദ്യയാത്രക്കാരായി.
രാവിലെ കൃത്യസമയത്തു തന്നെ ജെഎൽഎൻ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഷനിലെ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം ഒന്നാം നിലയിൽ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് തയാറാക്കിയ താത്കാലിക പ്രവേശനകവാടത്തിൽ നാട മുറിച്ചു സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് എസ്കലേറ്ററിലൂടെ പ്ലാറ്റ്ഫോമിലേക്ക്. മുഖ്യമന്ത്രിയെ കാത്ത്, കേരളത്തിന്റെ കലാ സാംസ്കാരിക വൈവിധ്യങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച മെട്രോ ട്രെയിൻ ട്രാക്കിൽ സജ്ജമായി നിൽപ്പുണ്ടായിരുന്നു.
തിങ്ങിനിറഞ്ഞ മാധ്യമപ്രവർത്തകർക്കും മിന്നിമാഞ്ഞ കാമറ ഫ്ളാഷുകൾക്കും നടുവിലൂടെ നടന്നടുത്ത മുഖ്യമന്ത്രി ജനസഞ്ചയത്തെ സാക്ഷിയാക്കി പാലാരിവട്ടം വരെയുള്ള മെട്രോയാത്രയ്ക്കു പച്ചക്കൊടി വീശി. ഞൊടിയിടയ്ക്കിടെ ചൂളംവിളിച്ച് ട്രെയിൻ കുതിച്ചു. തൊട്ടു പിന്നാലെ വന്ന ട്രെയിനിലാണു മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മറ്റു ജനപ്രതിനിധികളും യാത്ര നടത്തിയത്. അവർക്കൊപ്പം പൊതുജനവും യാത്രക്കാരായി.
ഇടയ്ക്കുള്ള സ്റ്റേഷനുകളിലൊന്നും നിർത്താതെ മഹാരാജാസ് സ്റ്റേഷനിലെത്തി തിരിച്ചു കലൂർ സ്റ്റേഷൻ വരെ യാത്ര ചെയ്തശേഷം അവിടെ നിന്നു റോഡ് മാർഗം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മറ്റു ജനപ്രതിനിധികളും ഉദ്ഘാടന വേദിയായ എറണാകുളം ടൗണ്‍ഹാളിലെത്തി. പതിനൊന്നേകാലോടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു.
മെട്രോ യാത്രയ്ക്ക് ഉപയോഗിക്കുന്ന സ്മാർട്ട് കാർഡ് ആയ കൊച്ചി വണ്‍ കാർഡ് മുഖ്യമന്ത്രി സ്വൈപ് ചെയ്തായിരുന്നു പാലാരിവട്ടം – മഹാരാജാസ് വരെയുള്ള മെട്രോ പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്. വ്യത്യസ്തമായ ഉദ്ഘാടനരീതിയിൽ കൗതുകം തോന്നിയ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് രാജ്യത്തെ ആദ്യ മെട്രോ സ്മാർട്ട് കാർഡായ കൊച്ചി വണ്‍ കാർഡിന്റെ പ്രത്യേകതകൾ മേയർ വിവരിച്ചുകൊടുത്തു. ഈ സമയം പാലാരിവട്ടത്തുനിന്ന് കൊച്ചിയുടെ നഗരഹൃദയത്തിലേക്ക് യാത്രക്കാരെയും വഹിച്ചുള്ള ആദ്യ മെട്രോ ട്രെയിൻ സർവീസ് തുടങ്ങി.