വാഷിങ്ടണ്‍: ദേശീയ ഗാനം ആലപിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കണമെന്ന നിയമം കര്‍ശനമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാഷണല്‍ ഫുട്ബോള്‍ ലീഗ് താരങ്ങളെ ഉദ്ദേശിച്ചാണ് ട്രംപ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.
‘നാഷണല്‍ ഫുട്ബോള്‍ ലീഗിന് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരിക്കണമെങ്കില്‍ അവര്‍ പുതിയ നിയമം ഉണ്ടാക്കട്ടെ’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
കഴിഞ്ഞ ദിവസം അമേരിക്കയിലെ വര്‍ണവിവേചനത്തിനും പോലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷെധത്തിന്റെ ഭാഗമായി നാഷണല്‍ ഫുട്ബോള്‍ ലീഗിലെ താരങ്ങള്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ വിട്ടുനിന്നിരുന്നു. താരങ്ങളെ ടീമില്‍ നിന്നും പുറത്താക്കാന്‍ ടീം ഉടമകളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍ ഫുട്ബോള്‍ താരമായ കോളിന് കോപ്പര്‍നിക്കാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.