റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി കഴിയുന്ന വിദേശികള്‍ക്കു പിഴയും ജയില്‍ശിക്ഷയും പുനഃപ്രവേശന വിലക്കുമില്ലാതെ നാട്ടിലേക്കു മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന് ഇന്നു മുതല്‍ ഒരു മാസം കൂടി പ്രാബല്യം.
കഴിഞ്ഞ മാര്‍ച്ച് 29-നാണ് മൂന്നു മാസം കാലാവധിയുള്ള ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അതു പിന്നീട് ഒരു മാസം കൂടി നീട്ടി. ഈ നാലു മാസത്തിനിടെ ആറു ലക്ഷത്തോളം വിദേശികള്‍ ആനുകൂല്യം ഉപയോഗപ്പെടുത്തി സൗദി വിട്ടു. അതില്‍ അര ലക്ഷത്തോളം പേര് ഇന്ത്യക്കാരായിരുന്നു.
നിയമലംഘകരായി കഴിയുന്നവര്‍ക്ക് ഒരു മാസം കൂടി പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അര്‍ഹരായവര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കാനും മറ്റുമായി എംബസിയിലും കോണ്‍സുലേറ്റിലും വി.എഫ്.എസ്. സെന്ററുകളിലും സൗകര്യമൊരുക്കുമെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുല്‍ അനില്‍ നൊട്ടിയാല്‍ അറിയിച്ചു.
സാങ്കേതിക കാരണങ്ങളാല്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്നവര്‍ക്കു വേണ്ടി സമയപരിധി നീട്ടണമെന്ന് ഇന്ത്യന്‍ എംബസി സൗദി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.