ഗ്ലാസ്ക്കോ: ഇന്ത്യയുടെ കിരീട പ്രതീക്ഷയായ കെ. ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയത്തോടെ പടയോട്ടം തുടങ്ങി. ആദ്യ റൗണ്ടില്‍ ശ്രീകാന്ത് റഷ്യയുടെ സെര്‍ജി സൈറന്റിനെ അനായാസം തോല്‍പ്പിച്ചു.
സ്കോര്‍: 21-13, 21-12. തുടക്കം മുതല്‍ ശ്രീകാന്ത് ലീഡ് നേടി മുന്നേറി. ആദ്യ സെറ്റിലാദ്യം 5-1 ന് മുന്നിലായിരുന്നു. ലീഡ് നിലനിര്‍ത്തിയ ശ്രീകാന്ത് 13 പോയിന്റു മാത്രം വിട്ടു നല്കി സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും തുടക്കം മുതലേ മുന്നില്‍ നിന്ന ശ്രീകാന്ത് അനായാസം ജയിച്ചു കയറി.
12 പോയിന്റാണ് എതിരാളിക്ക് നല്‍കിയത്. ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയും ചൈനീസ് തായ്പേയിയുടെ ലിന് യു സീനും തമ്മിലുളള മത്സരത്തിലെ വിജയിയെയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ നേരിടുക. പന്ത്രണ്ടാം സീഡായ വോംഗ് വിങ്ങ് കി വിന്‍സന്റ് രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ആദ്യ മത്സരത്തില്‍ വിന്‍സന്റ് നേരിട്ടുളള സെറ്റുകള്‍ക്ക് അഹമ്മദ് സലാഹിനെ തോല്‍പ്പിച്ചു.
സ്കോര്‍ 21-15,21-11. സബ്രീന ജാക്വറ്റ് ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് നതാലിയയെ പരാജയപ്പെടുത്തി. സ്കോര്‍ 21-14, 18-21,21-10. ബള്‍ഗേറിയയുടെ മറിയ മിറ്റ്സോവ ഈജിപ്ത്തിന്റെ മെന്ന എല്റ്റാനിയെ 21-5,21-2 ന് പരാജയപ്പെടുത്തി.
വനിതകളുടെ ഡബിള്‍സില്‍ ചൈനീസ് തായ്പേയിയുടെ ചിങ് ഹൂയി ചാങ്ങ് – യാങ് ചിങ്ങ് സഖ്യം അമേരിക്കയുടെ ഇവാ ലീ – പൗളാ ലിന് ഒബനാന ടീമിനെ തോല്‍പ്പിച്ചു. സ്കോര്‍ 21-12, 21-6.