കൊട്ടാരക്കര: ഏനാത്ത് പാലം ബലക്ഷയ ജോലികൾ പൂർത്തിയാക്കി ഓഗസ്റ്റ് 31ന് ഗതാഗതത്തിന് തുറന്ന് കൊടുക്കും. വൈകിട്ട് 4 ന് മന്ത്രി ജി.സുധാകരൻ പാലം ഉദ്ഘാടനം ചെയ്യും. ഇതോടെ ഏഴ് മാസത്തെ യാത്രാ ദുരിതത്തിന് അറുതിയാകും. കഴിഞ്ഞ ജനുവരി 10നാണ് പാലത്തിന് ബലക്ഷയം സംഭവിച്ചത്. എം.സി റോഡിൽ ഏനാത്ത് വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. പിന്നീട് കരസേനയുടെ നേതൃത്വത്തിൽ ബെയ്ലി പാലം നിർമ്മിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെയാണ് നാല് ചക്ര വാഹനങ്ങൾക്ക് അടക്കം കടന്നുപോകാൻ സൗകര്യമായത്. ബസുകളും മറ്റ് വലിയ വാഹനങ്ങളും 11 കിലോ മീറ്റർ അധികയാത്ര ചെയ്യേണ്ടി വന്നിരുന്നു. പാലത്തിൻ്റെ ബലക്ഷയം സംഭവിച്ച രണ്ട് തൂണുകളും നീക്കം ചെയ്ത് പുതിയവ നിർമ്മിച്ചാണ് ബലപ്പെടുത്തിയത്. 90 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്.
