വാഷിങ്ടൻ ∙ സദുദ്ദേശത്തോടെ ഉത്തരകൊറിയ സന്ദർശിക്കാനെത്തുന്ന യുഎസ് സഞ്ചാരികൾക്കായി എക്കാലവും രാജ്യത്തിൻ്റെ വാതിലുകൾ തുറന്നുതന്നെ കിടക്കുമെന്ന് ഉത്തരകൊറിയൻ അധികൃതർ. യുഎസ് പൗരത്വമുള്ളവർക്ക് ഉത്തര കൊറിയയിലേക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ഉത്തരവ് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിലാകാനിരിക്കെയാണ് ഉത്തരകൊറിയയുടെ പ്രതികരണം. ശക്തവും സ്ഥിരതയുള്ളതുമായ ഭരണസംവിധാനമുള്ള ഉത്തരകൊറിയയിൽ, സുരക്ഷയുമായി ബന്ധപ്പെട്ട് വിദേശ സഞ്ചാരികൾക്ക് ഒരു തരത്തിലും ഭീതി തോന്നേണ്ടതില്ലെന്ന് ഉത്തരകൊറിയൻ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.
ഉത്തര കൊറിയ സന്ദർശിച്ച ഓട്ടൊ വാംബിയർ എന്ന യുഎസ് വിദ്യാർഥി ഒന്നര വർഷം തടവിലാക്കപ്പെടുകയും മോചിതനായി അബോധാവസ്ഥയിൽ തിരിച്ചെത്തിയതിനു പിന്നാലെ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരകൊറിയ സന്ദർശിക്കുന്നതിൽനിന്ന് തങ്ങളുടെ പൗരൻമാർക്ക് യുഎസ് വിലക്കേർപ്പെടുത്തിയത്. അതേസമയം, ഉത്തരകൊറിയയിലെ നിയമം ലംഘിച്ചതിൻ്റെ പേരിൽ ചില യുഎസ് പൗരൻമാർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകാമെന്നായിരുന്നു ഇതേക്കുറിച്ച് ഉത്തരകൊറിയൻ വക്താവിൻ്റെ പ്രതികരണം.
ഇപ്പോൾ ഉത്തര കൊറിയയിലുള്ള യുഎസ് പൗരന്മാർ സെപ്റ്റംബർ ഒന്നിനകം രാജ്യം വിടണമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റെ് നിർദേശിച്ചിരുന്നു. ഉത്തരകൊറിയയിലേക്കും അവിടെനിന്നു തിരിച്ചുമുള്ള യാത്രയ്ക്കു യുഎസ് പാസ്പോർട്ട് അസാധുവാകും.