സൗദി: സൗദി ആരോഗ്യ മന്ത്രാലയവും കേരള സര്‍ക്കാരിന് കീഴിലുളള നോര്‍ക്ക റൂട്ട്സും റിക്രൂട്ട്മെൻ്റ് കരാര്‍ ഒപ്പുവെച്ചു. സൗദി ആരോഗ്യ വകുപ്പിലേക്ക് ആവശ്യമുളള ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുളള കരാറാണ് ഒപ്പുവെച്ചത്. ഇന്ത്യയില്‍ ആറ് ഏജന്‍സികള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം റിക്രൂട്ട്മെൻ്റിന് അനുമതി നല്‍കിയിട്ടുളളത്. കേരളത്തില്‍ നിന്ന് നോര്‍ക്ക റൂട്ട്സിന് പുറമെ ഒഡിപിഇസിയും ഉള്‍പ്പെടും.
വിദേശത്ത് തൊഴില്‍ തേടുന്ന മലയാളികള്‍ക്ക് ഏറ്റവും ചുരുങ്ങിയ ചെലവില്‍ മികച്ച സേവനം നല്‍കുന്നതിനാണ് നോര്‍ക്ക റൂട്ട്സ് ശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായാണ് സൗദി ആരോഗ്യ മന്ത്രാലയവുമായി റിക്രൂട്ട്മെൻ്റ് കരാര്‍ ഒപ്പുവെച്ചതെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ ഡോക്ടര്‍ കെഎന്‍ രാഘവന് പറഞ്ഞു. ഇന്ത്യന്‍ തൊഴിലാളികളെ ഏറെ മതിപ്പോടെയാണ് സൗദി അറേബ്യയിലെ തൊഴിലുടമകള്‍ കാണുന്നത്. മലയാളികളുടെ കാര്യ ശേഷി സൗദി അധികൃതര്‍ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. ഈ വര്‍ഷം കൂടുതല്‍ തൊഴില്‍ അന്വേഷകരെ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി ഹ്യൂമന്‍ റിസോഴ്സ് ജനറല്‍ മാനേജര്‍ ആയദ് അല്‍ ഹാരതിയും നോര്‍ക്ക റൂട്ട്സിന് വേണ്ടി ഡോക്ടര്‍ കെഎന്‍ രാഘവനും കരാറില്‍ ഒപ്പുവെച്ചു. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍, സൗദി ആരോഗ്യ മന്ത്രാലയം പ്രതിനിധി ഡോ മുഹമദ് ദഗൈതര്, ഷഹിം മുഹമ്മദ്, ഷിഹാബ് കൊട്ടുകാട് എന്നിവരും സന്നിഹിതരായിരുന്നു.