ദില്ലി: അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകൻ്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മഅ്ദനിക്ക് ഈ മാസം ആറുമുതല്‍ 19 വരെ കേരളത്തില്‍ തങ്ങാം. സുപ്രിം കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഅ്ദനിയുടെ സുരക്ഷാ ചെലവ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ അനുവദിച്ചതില്‍ നാല് ദിവസം നഷ്ടമായിരുന്നു. തുടര്‍ന്നാണ് ഈ മാസം 19 വരെ നാട്ടില്‍ കഴിയാന്‍ മഅ്ദനിക്ക് കോടതി അനുമതി നല്‍കിയത്.
അസുഖബാധിതരായ മാതാപിതാക്കളെ കാണാന്‍ ഈ മാസം ഒന്നുമുതല്‍ ഏഴുവരെ കേരളത്തില്‍ കഴിയാമെന്ന് ബംഗളുരുവിലെ എന്‍ഐഎ കോടതി വ്യക്തമാക്കിയിരുന്നു. മകൻ്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏഴുമുതല്‍ 14 വരെ തങ്ങാന്‍ സുപ്രിം കോടതിയും അനുമതി നല്കി. എന്നാല്‍ കേരളത്തിലേക്കുള്ള യാത്രയിലെ സുരക്ഷാ ചെലവായി 14 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതോടെ മഅ്ദനിയുടെ നാട്ടിലേക്കുള്ള യാത്ര തടസപ്പെടുകയായിരുന്നു. സുപ്രിം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുരക്ഷാ ചെലവ് കര്‍ണാടക കുറച്ചതോടെയാണ് മഅ്ദനിയുടെ വരവ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.