ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുണ്ടായഏറ്റുമുട്ടലില് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിലെ മേജറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. മൂന്നു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഇമാം ഷഹാബ് പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവര്‍ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കുവേണ്ടി സൈന്യം തെരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച രാത്രിയില്‍ കുല്‍ഗാം ജില്ലയില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചിരുന്നു.
ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ദുജാനിയെയും സംഘത്തെയും സൈന്യം കഴിഞ്ഞദിവസം കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഭീകരര്‍ തിരിച്ചടിച്ചേക്കുമെന്ന കണക്കുകൂട്ടലില്‍ കാശ്മീരിലെ പ്രധാനമേഖലയില്‍ സൈന്യം കര്‍ശന നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സിആര്‍പിഎഫും കരസേനയുടെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കാശ്മീര്‍ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും സംയുക്തമായി അബു ദുജാനിയെ വധിച്ചത്.