വാഷിങ്ടൺ: വൈറ്റ് ഹൗസ് വക്താവും യു.എസ് പ്രസ് സെക്രട്ടറിയുമായിരുന്ന സീന്‍ സ്പൈസര്‍ രാജിവെച്ചു. ഡൊണാള്‍ഡ് ട്രംപിൻ്റെ പുതിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി ആൻറണി സ്കാരാമോച്ചിയെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. സ്കാരമോച്ചിയുടെ നിയമനം വൻ അബദ്ധമാണെന്നാണ് സ്പൈസറുടെ നിലപാട്.
തെരെഞ്ഞെടുപ്പ് പ്രചാരണകാലഘട്ടം മുതൽ സ്പൈസറായിരുന്നു ട്രംപിൻ്റെ വാക്താവ്. എന്നാൽ പ്രസ് സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം ശോഭിച്ചിരുന്നില്ല. മാധ്യമങ്ങളുമായി അദ്ദേഹം വാഗ്വാദത്തിൽ ഏർപ്പെടുകയും അത് ട്രംപിൻ്റെ പ്രതിഛായ കൂടുതൽ മോശമാക്കുകയും ചെയ്തിരുന്നു. ഇത് ട്രംപിനെ അസ്വസ്ഥനാക്കിയിരുന്നു.
വൈറ്റ് ഹൗസിൻ്റെ പുതിയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി ആൻറണി സ്കാരാമോച്ചിയെ കഴിഞ്ഞയാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കിലെ ഫിനാന്‍ഷ്യറും ദീര്‍ഘകാലമായി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന വ്യക്തിയുമാണ് സ്കാരമോച്ചി.
പുതിയ ഡയറക്ടര്‍ക്ക് നല്ല തുടക്കം കിട്ടാനാണ് തൻ്റെ രാജിയെന്ന് സീന്‍ സ്പൈസര്‍ ട്വിറ്ററില്‍ കുറിച്ചു. ആഗസ്ത് വരെ തൻ്റെ ജോലിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത പുതിയ ഡയറക്ടര്‍ സ്കാരമോച്ചി സ്പൈസര്‍ ഒരു നല്ല രാജ്യസ്നേഹിയാണെന്ന് അഭിപ്രായപ്പെട്ടു.