കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട തലച്ചിറ ചിരട്ടക്കോണം, കടുവാപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ബുള്ളറ്റിൽ തോക്കുമായി കറങ്ങി നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെയും തോക്കും കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ചക്കുവരയ്ക്കൽ കോക്കാട് യാസിൻ മൻസിലിൽ സലിംമിൻ്റെ മകൻ മുഹമ്മദ് നിസാമുദ്ദീൻ(28) ചക്കുവരയ്ക്കൽ തലച്ചിറ എഞ്ചിനീയറിംഗ് കോളേജിന് സമീപം ഷാനിഫാ മൻസിൽ ഷെറീഫ് റാവുത്തറിൻ്റെ മകൻ ഷംനാദ്(28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചിരട്ടക്കോണം ഭാഗത്ത് നിന്ന് പ്രതികളെ അറസ്റ്റു ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് അഫ്സൽ വാഹിദ് എന്ന ആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നാം പ്രതിയായ നിസാമിൻ്റെ ഫാമിൽ സുരക്ഷയ്ക്കായി വാങ്ങിവച്ചിരുന്ന ഏയർ ഗൺ മോഡലിലുള്ള തോക്കാണ് പ്രതികൾ ഉപയോഗിച്ചത്. ഇത് ബാലിസ്റ്റിക് പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. വിദേശത്ത് ജോലിചെയ്ത ശേഷം അടുത്തിടെ തിരികെ വന്നവരാണ് പ്രതികൾ. പ്രതികളെ പറ്റി കൂടുതൽ അന്വോഷണം പോലീസ് നടത്തുന്നുണ്ട്.
കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡി.വൈെ.എസ്.പി ബി കൃഷ്ണകുമാർ, കൊട്ടാരക്കര സി .ഐ സി കെ ഷൈനു തോമസ്, എസ് .ഐ സി കെ മനോജ്, ഏ.എസ്.ഐ മാരായ സജീവ്, ജോൺസൻ, അൻസർ, വിജയൻപിള്ള, മണിയൻപിള്ള, എസ്. സി.പി.ഒ ജയൻ എന്നിവരടങ്ങിയ സംഘമാണ് അന്വോഷണം നടത്തിയത്.