റിയാദ്: ഭീകരവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്ന ഖത്തറിനോടുളള സമീപനത്തില്‍ മാറ്റം ഉണ്ടാവില്ലെന്ന് സൗദി മന്ത്രി സഭാ യോഗം ആവര്‍ത്തിച്ച് വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷയും ഭദ്രതയും മുന്‍നിര്‍ത്തിയാണ് സൗദി ഉള്‍പ്പെടെയുളള നാല് രാഷ്ട്രങ്ങള്‍ ഖത്തറിന്റെ നിലപാട് മാറ്റാന്‍ ഉപാദി വെച്ചതെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.
ഗള്‍ഫ് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും പ്രധാനപ്പെട്ടതാണ്. ഭീകരവാദ വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായാണ് ഖത്തറിനെതിരെയുളള നടപടി. ഇത് പിന്‍വലിക്കേണ്ട സാഹചര്യം നിലവിലില്ല. കൈറോയില്‍ ചേര്‍ന്ന അറബ് ഉച്ച കോടിയും അറബ് രാജ്യങ്ങളിലെ വാര്‍ത്താവിനിമയ മന്ത്രിമാരുടെ യോഗവും സൗദി സഖ്യ രാഷ്ട്രങ്ങളുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് അംഗീകരിക്കാനാവില്ല. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രധാന ആവശ്യങ്ങള്‍. ഈ സാഹചര്യത്തില്‍ ഖത്തറിനോടുളള നിലപാടില്‍ മാറ്റം ആവശ്യമില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അബാദി എന്നിവരുമായി ഭരണാധികാരി സല്‍മാന്‍ രാജാവ് ടെലിഫോണില്‍ സംഭാഷണം നടത്തി. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രിസഭാ യോഗം വിലയിരുത്തി.
തൊഴില്‍, വിനോദ സഞ്ചാരം തുടങ്ങിയ മേഖലയില്‍ മലേഷ്യയുമായി കൂടുതല്‍ സഹകരണത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ജോര്‍ദാനുമായി ഒപ്പുവെച്ച ഊര്‍ജ വ്യവസായ കരാര്‍ നടപ്പിലാക്കാനും ഭരണാധികാരി സല്‍മാന്‍ രാജാവിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.