മെൽബൺ: ഓസ്‌ട്രേലിയൻ 457 വിസകൾ റദ്ദാക്കുന്നതായി ഫെഡറൽ സർക്കാർ! മലയാളികളുൾപ്പെടെയുള്ള അനേകം ഇന്ത്യക്കാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന തീരുമാനം തൻ്റെ ഫേസ്ബുക് വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ അറിയിച്ചത്.
ഈ മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ ഒഴിവാക്കി രാജ്യത്തിനാവശ്യമായ വിദഗ്ധ തൊഴിൽശക്തി ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 457 വിസകൾ റദ്ദാക്കുന്നതെന്ന് ടേൺബുൾ അറിയിച്ചു.
വിസാ നിർത്തലാക്കലിനെത്തുടർന്ന് കമ്പനികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി 457 വിസക്കു പകരമായി ഒരു പുതിയ താത്കാലിക വിസ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തേക്ക് ജോലിക്കായി എത്തുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ജോലിയിലുള്ള പ്രവർത്തി പരിചയവും കണക്കിലെടുത്താവും ഈ വിസ അനുവദിച്ചു നൽകുക.
രാജ്യത്തെ തൊഴിൽ മേഖലകളിൽ ഓസ്‌ട്രേലിയക്കാർക്ക് മുൻഗണന കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് നിലവിലുള്ള വിസ നിറുത്തലാക്കുന്നതെന്ന് ടേൺബുൾ പറഞ്ഞു.
നേഴ്‌സുമാർ, ഐ ടി വിദഗ്ധർ, ഷെഫുമാർ തുടങ്ങി വിവിധ മേഖലകളിൽ ജോലിചെയ്യുന്ന മലയാളികളുൾപ്പെടെയുള്ള വിദേശ കുടിയേറ്റക്കാർ വളരെ ഉത്കണ്ഠയോടെയാണ് ഈ തീരുമാനത്തെ നോക്കിക്കാണുന്നത്.