സാങ്കേതിക വിദ്യയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് ലോകം. ഒരു മാന്ത്രികനെ പോലെ എല്ലാ ജോലിയും ഒരു കൈ ഞൊടിയില്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍? അങ്ങനെ ഒരു മാന്ത്രിക ഉപകരണവുമായാണ് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ടോക്കനൈസ് രംഗത്തെത്തിയിരിക്കുന്നത്. അതിന് പേര് ‘ടോക്കന്‍’.
സ്മാര്‍ട്ട് വാച്ച് എന്ന പോലെ ഒരു സ്മാര്‍ട്ട് റിങ് അഥവാ മോതിരം ആണ് ടോക്കന്‍. വാതിലുകള്‍ തുറക്കുക, കാര്‍ സ്റ്റാര്‍ട്ട് ചെയ്യുക, പണമിടപാട് നടത്തുക കമ്പ്യൂട്ടറില്‍ സൈന്‍ ഇന്‍ ചെയ്യുക തുടങ്ങി നിരവധി ജോലികള്‍ ഈ മോതിരം കൊണ്ട് സാധിക്കും. ഒരു പാസ് വേഡ് പോലെയാണ് ടോക്കന്‍ പ്രവര്‍ത്തിക്കുന്നത്.
മാസ്റ്റര്‍കാര്‍ഡ്, വിസ, മൈക്രോ സോഫ്റ്റ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ടോക്കനൈസ് ഈ സ്മാര്‍ട്ട് റിങ് ഒരുക്കിയിരിക്കുന്നത്. പണമിടപാടുകള്‍ സുരക്ഷിതമാക്കുന്നതിനും ഇടപാടുകള്‍ക്ക് ആധികാരികത ലഭിക്കാനും മോതിരത്തിനുള്ളില്‍ ഒരു ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ സ്ഥാപിച്ചിട്ടുണ്ട്. ചാര്‍ജ് ചെയ്താണ് ടോക്കന്‍ ഉപയോഗിക്കുന്നത്. 16000 രൂപയാണ് ഇതിന് വില.