കിങ്സ്റ്റണ്‍: കൈയിലൊതുങ്ങിയശേഷം കളഞ്ഞു കുളിച്ച നാലാം ഏകദിനത്തിലെ തെറ്റുതിരുത്താന്‍ ഇന്ത്യ വ്യാഴാഴ്ച്ച ഇറങ്ങും. വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും. തോറ്റാല്‍ വിന്‍ഡീസിനൊപ്പം പരമ്പര പങ്കുവെയ്‌ക്കേണ്ടി വരും. രാത്രി 7.30 മുതല്‍ കിങ്സ്റ്റണിലെ സബീന പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ട്, മൂന്ന് ഏകദിനങ്ങളില്‍ കോലിയും സംഘവും വിജയിച്ചു. നാലാം മത്സരം ഇന്ത്യ വിന്‍ഡീസിന് മുന്നില്‍ അടിയറ വെച്ചു.
ക്യാപ്റ്റന്‍ വിരാട് കോലി, ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മുന്‍ നായകന്‍ ധോനി എന്നിവരെല്ലാം പരമ്പരയില്‍ ഫോമിലാണ്. എന്നാല്‍ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയാലേ പരമ്പര ഉറപ്പിക്കാനാകൂ. ദിനേശ് കാര്‍ത്തികും കേദര്‍ ജാദവുമാണ് ടീമിലെ മറ്റു ബാറ്റിങ് പ്രതീക്ഷകള്‍.
പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ച്ചവെച്ചത്. കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇതുവരെ ഒരവസരവും നല്‍കിയിട്ടില്ല. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തോല്‍വി അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് വിനയായി.
മറുഭാഗത്ത് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ നയിക്കുന്ന ബൗളിങ് നിരയാണ് ആതിഥേയരുടെ കരുത്ത്. അല്‍സാരി ജോസഫും ആഷ്‌ലി നഴ്‌സും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നു.