രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോൺ ഇന്ത്യ, വാട്സ്ആപ്പുമായി ചേർന്ന് ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്ക് പ്രാദേശിക ഭാഷയിൽ ആപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ച് പഠിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. അവരവർക്ക് ഇഷ്ടമുള്ള ഭാഷയിൽ പരസ്പര ആശയവിനിമയം സാധ്യമാക്കി ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന ആദ്യ ടെലികോം സേവന ദാതാവാണ് വോഡഫോൺ.
ലോകമൊട്ടാകെ വാട്സ്ആപ്പ് ഇന്ന് 50 ഭാഷകളിൽ ലഭ്യമാണ്. 10 ഭാഷകൾ ഉപയോഗിക്കുന്ന 20 കോടി വരിക്കാരാണ് വാട്സ്ആപ്പിന് ഇന്ത്യയിലുള്ളത്. വാട്സ്ആപ്പിൽ പുതിയതായി അവതരിപ്പിച്ച പ്രാദേശിക ഭാഷ ഫീച്ചറിൻ്റെ പ്രചാരണത്തിനായി വോഡഫോൺ വിവിധ ഇന്ത്യൻ ഭാഷകളിൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. ചാറ്റ് ചെയ്യുമ്പോൾ വിവിധ ഭാഷകൾ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് പടിപടിയായി മനസിലാക്കി തരുവാൻ ആനിമേഷൻ ഡിസ്പ്ലേയാണ് ഒരുക്കിയിട്ടുളളത്. ഇതുവഴി ഏതാനും ക്ലിക്കുകളിലൂടെ വോഡഫോണിൽ പ്രാദേശിക ഭാഷയിൽ വാട്സ്ആപ്പ് സെറ്റ് ചെയ്യാം. ചാറ്റിങ് സ്റ്റാറ്റസ് അപ്പ്ഡേറ്റ്, പ്രാദേശിക ഭാഷയിൽ മെസേജുകൾ ഷെയർ ചെയ്യുക തുടങ്ങിയവയെല്ലാം സാധ്യമാണ്. ലളിതമായ ക്ലിക്കിലൂടെ വാട്സ്ആപ്പ് പോലും ഇൻസ്റ്റാൾ ചെയ്യാം.
വരിക്കാർക്ക് പ്രിയപ്പെട്ടവരുമായി അവരവരുടെ ഭാഷയിൽ തന്നെ ചാറ്റ് ചെയ്യാൻ സഹായിക്കാനും, പഠിപ്പിക്കുന്നതിനുമായി വാട്സ്ആപ്പുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ലക്ഷക്കണക്കിന് വരുന്ന ഇന്റർനെറ്റ് വരിക്കാരെ ഇതുവഴി ശാക്തീകരിക്കാൻ സാധിക്കുമെന്നും വോഡാഫോൺ ഇന്ത്യ ചീഫ് കമേഴ്സ്യൽ ഒാഫീസർ സന്ദീപ് കടാരിയ പറഞ്ഞു. തങ്ങളുടെ കണക്ടിംഗ് ഫോർ ഗുഡ് എന്ന തത്വശാസ്ത്രത്തിന്റെ ഭാഗമായാണിത്. പ്രാദേശിക ഭാഷകൾക്ക് പിൻതുണ നൽകുക എന്നുള്ളത് തങ്ങളുടെ വ്യക്തമായ ലക്ഷ്യമാണ്, വാട്സ്ആപ്പുമായുള്ള പ്രചാരണം ആ ലക്ഷ്യത്തിലേക്കുള്ള ശരിയായ ദിശയാണെന്ന് സന്ദീപ് കടാരിയ കൂട്ടിച്ചേർത്തു.
വോഡാഫോണുമായി ചേർന്ന് ഇന്ത്യയിൽ കൂടുതൽ ആളുകൾക്ക് ആശയവിനിമയം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അവരവർക്ക് ഇഷ്ടപ്പെട്ട ഭാഷയിൽ ഇനി വാട്സ്ആപ്പിലൂടെ പ്രിയപ്പെട്ടവരുമായി എപ്പോൾ, എവിടെവച്ചും ചാറ്റ് ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും ഭാഷ തെരഞ്ഞെടുക്കുന്നതിൽ വളരെ പ്രാധാന്യമുണ്ടെന്നും വോഡഫോണുമായി സഹകരിച്ച് ഇത് സാധ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്നും വാട്സ്ആപ്പ് വൈസ് പ്രസിഡന്റ് നീരജ് അറോറ പറഞ്ഞു.