ഏഷ്യയിലെ അത്‍ലീറ്റുകൾക്കായി കലിംഗ സ്റ്റേഡിയത്തിലെ പുതുപുത്തൻ ട്രാക്കും ഫീൽഡും തയാർ. വൻകരയിലെ അത്‍ലറ്റിക് പോര് ഇനി കലിംഗയുടെ യുദ്ധഭൂമിയിൽ. ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൻ്റെ 22–ാം പതിപ്പിന് ഇന്നിവിടെ തുടക്കം. ഇനിയുള്ള നാലുദിനങ്ങൾ പുതിയ ദൂരവും വേഗവും ഉയരവും കണ്ടെത്താനുള്ള കടുത്ത പോരാട്ടത്തിന്റേത്. സ്വർണം നേടുന്നവർക്ക് അടുത്ത മാസത്തെ ലണ്ടൻ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിലേക്കു നേരിട്ട് എൻട്രി കിട്ടും. ഒന്നാംദിനമായ ഇന്ന് ഏഴു ഫൈനലുകൾ.
ഇന്ന് വനിതാ ഷോട്ട്പുട്ടിൽ മൻപ്രീത് കൗർ മെഡൽ കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ ക്യാംപിനുള്ളത്. ചൈനയിൽ അടുത്തയിടെ നടന്ന ഏഷ്യൻ ഗ്രാൻപ്രീയിൽ 18.86 മീറ്റർ കണ്ടെത്തി തൻ്റെ തന്നെ പേരിലുള്ള റെക്കോർഡ് മെച്ചപ്പെടുത്തിയ മൻപ്രീത് ഫോമിലാണ്. 18നു മുകളിലേക്ക് എറിയാൻ കഴിവുള്ള രണ്ടു ചൈനീസ് താരങ്ങളാണു പ്രധാന എതിരാളികൾ. പുരുഷ ഡിസ്കസ് ത്രോയിൽ വികാസ് ഗൗഡയിലാണ് എല്ലാ കണ്ണുകളും. ഇന്നലെ 34–ാം പിറന്നാൾ ആഘോഷിച്ച താരത്തിൻ്റെ ലക്ഷ്യം ഹാട്രിക് സ്വർണമാണ്. 66.28 മീറ്ററിൻ്റെ ദേശീയ റെക്കോർഡുകാരനാണു വികാസ്.
പക്ഷേ, കഴിഞ്ഞ ദിവസത്തെ ട്രയൽസിൽ 57.79 മീറ്ററിലൊതുങ്ങിപ്പോയി. ഇറാൻ്റെ എഹ്സാൻ ഹദാദിയാണു പ്രധാന എതിരാളി. വനിതാ ലോങ്ജംപിൽ നയന ജയിംസും വി.നീനയുമുണ്ട്. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം (6.55 മീ) ആവർത്തിക്കാൻ കഴിഞ്ഞാൽ നയന മെഡലിലെത്തും. വനിതാ ജാവലിൻ ത്രോയിൽ മികച്ച ഫോമിൽ നിൽക്കുന്ന അനു റാണിയിലും പ്രതീക്ഷയുണ്ട്. പുരുഷ 5,000ൽ കഴിഞ്ഞ മീറ്റിലെ വെങ്കല ജേതാവ് ജി.ലക്ഷ്മണും മെഡൽ പ്രതീക്ഷയോടെ ഇറങ്ങും. വനിതാ 5000ൽ എൽ.സൂര്യയും പുരുഷ പോൾവോൾട്ടിൽ എസ്.ശിവയും ഇന്ന് ഇന്ത്യയ്ക്കായി ഇറങ്ങും.
മാർച്ച് പാസ്റ്റിൽ മലയാളിതാരം ടിൻ്റു ലൂക്കയാണ് ഇന്ത്യൻ പതാകയേന്തിയത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് മീറ്റ് ഉദ്ഘാടനം ചെയ്തു. രാജ്യാന്തര മീറ്റായിട്ടും കേന്ദ്ര കായികമന്ത്രിയുടെ അസാന്നിധ്യം രാഷ്ട്രീയ വിവാദത്തിനു തുടക്കമിട്ടിട്ടുണ്ട്. അശോക ചക്രവർത്തിയുടെ കാലം മുതൽ ഇന്നത്തെ ഒഡീഷയിലേക്കുള്ള മാറ്റത്തിൻ്റെ ചരിത്രം നൃത്തരൂപത്തിൽ കലാകാരൻമാർ അരങ്ങിലെത്തിച്ചു. ഗായകൻ ശങ്കർ മഹാദേവനും സംഘവും ഒരുക്കിയ സംഗീതവിരുന്ന് സ്റ്റേഡിയം നിറഞ്ഞെത്തിയ കാണികൾക്കു വിരുന്നായി. ഉദ്ഘാടന ഭാഗമായുള്ള കലാപരിപാടികൾ രണ്ടുമണിക്കൂറിലധികം നീണ്ടു.
മീറ്റിൽ പങ്കെടുക്കുന്ന 44 രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണു മുൻനിര താരങ്ങളെ മീറ്റിനിറക്കുന്നത്. ചൈനയും ജപ്പാനും ഉൾപ്പെടെയുള്ള പല രാജ്യങ്ങളും രണ്ടാംനിരയുമായാണു വരുന്നത്. എങ്കിലും കിരീടം ചൈനതന്നെ നിലനിർത്താനാണ് എല്ലാ സാധ്യതകളും. ലണ്ടൻ ലോക ചാംപ്യൻഷിപ്പിനു യോഗ്യത നേടാനുള്ള അവസാന അവസരമായതിനാൽ ഇതുവരെയും യോഗ്യതാ മാർക്ക് കടക്കാത്തവർ പ്രതീക്ഷയോടെയാണു മീറ്റിന് ഇറങ്ങുക.