ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച സൈബര്‍ആക്രമണം നടത്തിയ വാനാക്രൈക്ക് ( WannaCry ) സമാനമായ മറ്റൊരു പ്രോഗ്രാമിനെ ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ ശക്തനായ എറ്റേണല്‍റോക്ക്‌സ് ( EternalRocks ) എന്ന റാന്‍സംവെയറിനെയാണ് ( Ransomware ) ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
വാനാക്രൈക്ക് സമാനമായ വിന്‍ഡോസ് പിഴവാണ് ( Windows Vulnerability ) എറ്റേണല്‍റോക്ക്‌സും മുതലെടുക്കുന്നത്. വാനാക്രൈ മാല്‍വെയര്‍ വിന്‍ഡോസിലെ രണ്ടു പിഴവുകളാണ് മുതലെടുത്തിരുന്നതെങ്കില്‍ എറ്റേണല്‍ റോക്ക്‌സ് ഏഴ് പിഴവുകളാണ് ഉപയോഗപ്പെടുത്തുന്നത് എന്നുമാത്രം.
യുഎസ് ചാരസംഘടനയായ എന്‍എസ്എയുടെ ( National Security Agency ) എറ്റേണല്‍ബ്ലൂ ( EternalBlue ) എന്ന ടൂളാണ് വാനാക്രൈക്ക് ആധാരമായത്. വിന്‍ഡോസ് പിഴവ് മുതലെടുക്കാനായി എന്‍എസ്എ വികസിപ്പിച്ച ടൂള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുകയായിരുന്നു.
എറ്റേണല്‍ബ്ലൂവിനൊപ്പം ഡബിള്‍പള്‍സര്‍ ( DoublePulsar ) എന്ന ടൂളും വാനാക്രൈ ഉപയോഗിച്ചിരുന്നു. ഇവയ്‌ക്കൊപ്പം എറ്റേണല്‍ചാമ്പ്യന്‍, എറ്റേണല്‍റൊമാന്‍സ് തുടങ്ങിയ മറ്റ് അഞ്ച് എന്‍എസ്എ ടൂളുകളും ഉപയോഗിച്ചാണ് എറ്റേണല്‍റോക്ക്‌സ് പ്രവര്‍ത്തിക്കുന്നത്.