റിലയന്‍സ് ജിയോയുടെ ഏഷ്യ–ആഫ്രിക്ക–യൂറോപ്പ് (AAE-1) സബ്മറൈന് കേബിള്‍ സിസ്റ്റം പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ജിയോയ്ക്ക് 40 ടെറാബിറ്റ്സിന്റെ അധിക ശേഷിയാണ് കൈവന്നിരിക്കുന്നത്. കൂടുതല്‍ വിഡിയോ കണ്ടന്റുകള്‍ കൈകാര്യം ചെയ്യാൻ ശേഷി നൽകുന്നതാണ് ഈ പദ്ധതി. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാത്തരം ആശയവിനിമയങ്ങളുടെയും മേന്മ ഇതോടെ ഉയരുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഏറ്റവും വിലകുറഞ്ഞ ഡേറ്റ രാജ്യത്തിന് ആവശ്യമുള്ളപ്പോള്‍ തന്നെ നല്കി എന്നതാണ് ജിയോ ചെയ്ത ഏറ്റവും നല്ല കാര്യം. രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു. ഫ്രാന്‍സിലെ മാർസീലെ മുതല്‍ ഹോങ്കോങ് വരെ 25,000 കിലോമീറ്റര്‍ നീളത്തിലാണ് ഈ കേബിള്‍ സിസ്റ്റം വ്യാപിച്ചു കിടക്കുന്നത്. ചൈന യൂണികോം, എത്തിസലാത്ത്, ജിടി5എൽ, മോബിലി, ഒമാന്‍ടെല്‍, റിലയന്‍സ് ജിയോ, ടെലികോം ഈജിപ്റ്റ്, ടെലിയെമന് തുടങ്ങിയ മൊബൈല്‍ കമ്പനികള്‍ ഈ കേബിള്‍ സിസ്റ്റവുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ഇങ്ങനെയുള്ള പ്രധാന ടെലിഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍മാരുമായി ചേര്‍ന്ന് വലിയ പ്രോജക്റ്റ് ആയിട്ടാണ് മുന്നോട്ടു പോകുന്നതെന്ന് ജിയോ അറിയിച്ചു.