ദുബായ്: ദുബായില്‍ 500 കോടി ദിര്‍ഹം ചെലവില്‍ എമിറേറ്റ്‌സ് ടവര്‍ ബിസിനസ് പാര്‍ക്ക് എന്ന ബൃഹദ് വ്യവസായസംരംഭം നിര്‍മിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി അനാവരണംചെയ്തത്.
വ്യവസായം പ്രോത്സാഹിപ്പിക്കുകയും നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യുന്ന എമിറേറ്റിന് മുതല്‍ക്കൂട്ടാകും പുതിയ ടവര്‍ കോംപ്ലക്‌സ്. തങ്ങളുടെ പ്രാദേശിക ആസ്ഥാനങ്ങള്‍ ദുബായിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ക്ക് ലോകോത്തര നിലവാരമുള്ള ഓഫീസ് അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.
ശൈഖ് സായിദ് റോഡില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് സമീപമാണ് എമിറേറ്റ്‌സ് ടവര്‍ ബിസിനസ് പാര്‍ക്ക് വരുന്നത്. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നിക്ഷേപകരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നൂതനമായ പരിഹാരങ്ങള്‍ നല്കുന്നതിനുമുള്ള ശ്രമങ്ങള്‍ രാജ്യം തുടരുമെന്ന് കോംപ്ലക്‌സ് അനാവരണംചെയ്ത് ശൈഖ് മുഹമ്മദ് പറഞ്ഞു.
പദ്ധതി നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററുമായി നടപ്പാലങ്ങള്‍ വഴി കോംപ്ലക്‌സ് ബന്ധിപ്പിക്കുകയും ചെയ്യും . മൂന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ബിസിനസ് ഇവെന്റുകള്‍ക്കായി പ്രത്യേക സജ്ജീകരണം, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ റീറ്റെയില്‍ സ്ഥാപനങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ടാകും.