നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും വിജയം ഇന്ത്യക്കൊപ്പം. 93 റണ്‍സിന് വിന്‍ഡീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തി. ആദ്യ ഏകദിനം മഴയിൽ മുങ്ങിപ്പോയിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 38.1 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ്, അശ്വിന് എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റും നേടി. 40 റണ്‍സെടുത്ത ജേസന്‍ മുഹമ്മദിന് മാത്രമേ വിന്‍ഡീസ് നിരയില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ.
നേരത്തെ ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ധോനിയുടെയും രഹാനെയുടെയും കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് അടിച്ചെടുത്തത്. മുന്നായകന് എം.എസ് ധോനി ( 79 പന്തില്‍ പുറത്താവാതെ 78), അജിന്‍ക്യ രഹാനെ (72) എന്നിവരുടെ അര്‍ധസെഞ്ചുറിയും കേദര്‍ ജാദവ് (26 പന്തില്‍ പുറത്താകാതെ 40), യുവരാജ് സിങ്ങ് (55 പന്തില്‍ 39) എന്നിവരുടെ ചെറുത്ത് നില്‍പ്പുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
നാലു ബൗണ്ടറിയും രണ്ടു സിക്സുമടിച്ച ധോനിയും നാല് ബൗണ്ടറിയും ഒരു സിക്സും നേടിയ ജാദവും ഇന്ത്യയുടെ സ്കോര്‍ 250 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും 7.4 ഓവറില്‍ 81 റണ്‍സ് ചേര്‍ത്തു.
അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിൻ്റെ അപരാജിത ലീഡാണ് നേടിയത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.