വാഷിങ്ടൺ ∙ ആറു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്കു യുഎസിൽ പ്രവേശിക്കുന്നതിനു പുതിയ നിബന്ധനകൾ ട്രംപ് ഭരണകൂടം ഏർപ്പെടുത്തി. മുസ്ലിം വിരുദ്ധമെന്ന പേരിൽ വിവാദമായ പ്രസിഡന്റ് ട്രംപിന്റെ യാത്രാവിലക്ക് ഉത്തരവ് സുപ്രീം കോടതി ഭാഗികമായി പുനഃസ്ഥാപിച്ചതിനെ തുടർന്നാണു പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്. യുഎസിലെ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ അടുത്ത കുടുംബബന്ധമുള്ളവർക്കു മാത്രം വീസ അനുവദിക്കാനാണു യുഎസ് എംബസികൾക്കും കോൺസലേറ്റുകൾക്കും നൽകിയ പുതിയ മാർഗനിർദേശം.
യുഎസിലുള്ള വ്യക്തികളുടെ മാതാപിതാക്കൾ, പങ്കാളി, മക്കൾ, മരുമക്കൾ, സഹോദരങ്ങൾ, അർധ സഹോദരങ്ങൾ തുടങ്ങിയവർക്കു മാത്രമാണു പുതിയ നിബന്ധനപ്രകാരം വീസ ലഭിക്കുക. മുത്തശ്ശി–മുത്തച്ഛൻ, ഭാര്യാസഹോദരൻ – സഹോദരി തുടങ്ങി അടുത്ത ബന്ധുക്കളെപ്പോലും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്രാവിലക്ക് ഉത്തരവ് സുപ്രീം കോടതി ഭാഗികമായി പുനഃസ്ഥാപിച്ചതു മുതൽ പുതിയ നിർദേശങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു യുഎസ് എംബസികളും കോൺസുലേറ്റുകളും.
ബന്ധുക്കൾ, ജോലി ലഭിച്ചവർ, പ്രഭാഷണങ്ങൾക്ക് എത്തുന്നവർ തുടങ്ങി വീസ അനുവദിക്കേണ്ടവരെക്കുറിച്ചു വിശാലമായ നിർദേശങ്ങളാണു സുപ്രീം കോടതി നൽകിയതെങ്കിലും ട്രംപ് ഭരണകൂടം പട്ടിക ചുരുക്കുകയാണു ചെയ്തത്. ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കു യാത്രാവിലക്ക് ഏർപ്പെടുത്തി ജനുവരി 27നു പുറത്തിറക്കിയ ഉത്തരവാണു വ്യാപക പ്രതിഷേധത്തിനും കോടതി നടപടികൾക്കും ഇടയാക്കിയത്.