മോസ്‌ക്കോ: വന്‍കരകളിലെ കരുത്തനെ അറിയാനുള്ള കോണ്‍ഫെഡറേഷന്‍ കപ്പിൻ്റെ സെമി ഫൈനല്‍ ലൈനപ്പായി. ലോക ചാംപ്യന്‍മാരായ ജര്‍മനി സെമിയില്‍ മെക്‌സിക്കോയുമായി ശക്തി പരീക്ഷിക്കുമ്പോള്‍ പോര്‍ച്ചുഗല്ലിനെതിരാളി തുല്യ ശക്തികളായ ചിലിയാണ്.
അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കാമറൂണിനെ 3-1ന് തകര്‍ത്താണ് ജര്‍മനി സെമിയിലേക്ക് ടിക്കറ്റെടുത്ത്. അതേ സമയം ഗ്രൂപ്പ് ബിയില്‍ ആസ്‌ത്രേലിയയോട് 1-1 സമനില വഴങ്ങിയാണ് ചിലി സെമി ബര്‍ത്തുറപ്പിച്ചത്.
ശൂന്യമായ ആദ്യ പകുതിക്ക് ശേഷമാണ് ജര്‍മനി – കാമറൂണ്‍ മല്‍സരത്തിലെ നാലു ഗോളുകളും പിറന്നത്. 48ാം മിനിറ്റില്‍ ഡെമിര്‍ബേയിലൂടെയാണ് ജര്‍മനി അക്കൗണ്ട് തുറന്നത്. 66ാം മിനിറ്റില്‍ ടിമോ വെര്‍ണറിലൂടെ ജര്‍മനി ലീഡുയര്‍ത്തി. ഗോള്‍ മടക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച കാമറൂണിൻ്റെ ശ്രമം 78ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. അബൗബക്കറാണ് കാമറൂണിൻ്റെ ആശ്വാസ ഗോള്‍ നേടിയത്. 91ാം മിനിറ്റില്‍ വെര്‍ണറുടെ കാലുകള്‍ വീണ്ടും ലക്ഷ്യം കണ്ടപ്പോള്‍ 3-1 ൻ്റെ ആവേശ ജയവും ജര്‍മനിക്കൊപ്പം നിന്നു. കാമറൂണിൻ്റെ ഏണസ്റ്റ് മബൗക്ക ചുവപ്പുകാര്‍ഡ് പുറത്തുപോയതിനെത്തുടര്‍ന്ന് 64 മിനിറ്റ് മുതല്‍ 10 പേരെ വെച്ചാണ് കാമറൂണ്‍ കളിച്ചത്.
കരുത്തരായ ചിലിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ആസ്‌ത്രേലിയ പുറത്തെടുത്തത്. 42ാം മിനിറ്റില്‍ ട്രൊയിസിയിലൂടെ ആസ്‌ത്രേലിയയാണ് ആദ്യം അക്കൗണ്ട് തുറന്നത്. എന്നാല്‍ 67ാം മിനിറ്റില്‍ റോഡ്രിഗസിൻ്റെ ഗോളിലൂടെ ചിലി സമനില ഒപ്പിച്ചെടുക്കുകയായിരുന്നു.