കൊട്ടാരക്കര: അശരണരും ആലംബഹീനരുമായ ആയിരക്കണക്കിനു വരുന്ന അന്തേവാസികൾക്ക് ഇനി മുതൽ യോഗയിൽ പങ്കെടുത്ത് മനസിനും ശരീരത്തിനും ആരോഗ്യവും സന്തോഷവും നിലനിർത്താം.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലിവിംഗ് ട്രയിനർ കൂടിയായ പ്രസന്ന സുഗതൻ്റെ നേതൃത്വത്തിൽ യോഗ പഠനം ആരംഭിച്ചു. ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡോ. പുരുഷോത്തമ ഭട്ട് ഉദ്ഘാടനം ചെയ്തു. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, ജനറൽ സൂപ്രണ്ട് വർഗീസ് മാത്യു എന്നിവർ പങ്കെടുത്തു.
ശരീരത്തിൻ്റെയും മനസിൻ്റെയും ഒരുമ, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്‌ഥ, ശാരീരിക മാനസിക ഘടകങ്ങളെ സമീപിച്ചുകൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്ന ഒന്നാണ് യോഗ.
അതുകൊണ്ടു തന്നെ ആയിരക്കണക്കിനുവരുന്ന പ്രായമായവരും കുട്ടികളും മാനസിക രോഗികളും അടങ്ങുന്ന ആശ്രയ പോലുള്ള സ്‌ഥാപനങ്ങളിൽ യോഗയുടെ പ്രവർത്തനങ്ങൾ വളരെ പ്രയോജനം ചെയ്യുമെന്നും ഡോ. ഭട്ട് പറഞ്ഞു. മനോരോഗം മുതലായ എല്ലാ രോഗങ്ങൾക്കും യോഗ ദിവ്യ ഔഷധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.