കൊട്ടാരക്കര; തേവലപ്പുറം ആലിക്കുന്നിൻ പുറത്ത് ദമ്പതികൾക്ക് നേരെ ആക്രമണം, ഭർത്താവിൻ്റെ തലയ്ക്ക് കൊടുവാളിന് വെട്ടി, ഭാര്യയെ കമ്പി വടികൊണ്ടടിച്ചു. മൂന്നു പ്രതികൾ അറസ്റ്റിൽ. ആലിക്കുന്നിൻ പുറം ബിന്ദുഭവനിൽ ബിനു(36), ഭാര്യ രാജി(32) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. പരിക്കേറ്റ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ പവിത്രേശ്വരം ഗായത്രിയിൽ സുന്ദരേശൻ(ബാബു-55), മക്കൾ സൂരജ്(20), ഹരി(19) എന്നിവരെ പുത്തൂർ പൊലീസ് അറസ്റ്റുചെയ്തു. പ്രതികളെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പനിയെത്തുർന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പോയശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ബിനുവിനും രാജിയ്ക്കും നേരെ ആക്രമണം. ആലിക്കുന്നിൻ പുറം വലിയ വിളയിൽ വിദ്യാധരൻ്റെ വീട് ആക്രമിക്കാനെത്തിയതായുരുന്നു പ്രതികൾ. വിദ്യാധരനും ബന്ധുവായ പ്രതീക്ഷാ ഭവനിൽ (അക്കരവിള) അരവിന്ദാക്ഷനുമായി നിലനിൽക്കുന്ന വാക്ക് തർക്കങ്ങളുടെ ഭാഗമായിട്ടാണ് സുന്ദരേശനെയും മക്കളെയും വരുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബിനുവും രാജിയും ബഹളം നടക്കുന്നതെന്താണെന്ന് തിരക്കിയപ്പോഴാണ് അക്രമികൾ ഇവർക്ക് നേരെ തിരിഞ്ഞത്. ബിനുവിനെ കൊടുവാളിന് തലയ്ക്ക് വെട്ടിയശേഷം ചവിട്ടി വീഴ്ത്തി മർദ്ദിച്ചു. തടസ്സം പിടിക്കാൻ തുടങ്ങുമ്പോഴായിരുന്നു രാജിയെ കമ്പി വടിയ്ക്ക് അടിച്ചത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഉടൻ തന്നെ എത്തിയ പൊലീസും ചേർന്നാണ് പ്രതികളെ സംഭവ സ്ഥലത്തു നിന്നും പിടികൂടിയത്. പ്രതികൾ മദ്യ ലഹരിയിലായിരുന്നു വെന്ന് പൊലീസ് പറഞ്ഞു.