മോസ്കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് സമനിലത്തുടക്കം. ചിലി തകര്‍പ്പന്‍ ജയത്തോടെ ടൂര്‍ണമെൻ്റ് ആരംഭിച്ചു. പോര്‍ച്ചുഗല്‍ മെക്സിക്കോയുമായി 2-2ന് സമനിലയായപ്പോള്‍ ചിലി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ കാമറൂണിനെ കീഴടക്കി.
ഗ്രൂപ്പ് എയില്‍ നാല് ടീമുകള്‍ ഓരോ മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് പോയിൻ്റുമായി റഷ്യയാണ് ഒന്നാം സ്ഥാനത്ത്. മെക്സിക്കോ, പോര്‍ച്ചുഗല്‍ ഓരോ പോയിൻ്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനത്ത്. ന്യൂസിലാന്‍ഡിന് പോയിൻ്റില്ല.
ആവേശകരമായിരുന്നു പോര്‍ച്ചുഗല്‍-മെക്സിക്കോ മത്സരം. മുപ്പത്തിനാലാം മിനുട്ടില്‍ റികാര്‍ഡോ ക്വരിസ്മോയിലൂടെ പോര്‍ച്ചുഗലാണ് ലീഡെടുത്തത്. ക്രിസ്റ്റിയാനോയുടെ പാസിലായിരുന്നു ഗോള്‍. എട്ട് മിനിറ്റിനുള്ളില്‍ ഹെര്നാണ്ടസിൻ്റെ സ്കോറിംഗില്‍ മെക്സിക്കോ സമനിലയെടുത്തു (1-1). എണ്‍പത്താറാം മിനുട്ടില്‍ സെട്രിച് സോറസിൻ്റെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നില്‍ കയറി (2-1). ഇഞ്ചുറി ടൈമിലെ ആദ്യ മിനുട്ടില്‍ ഹെക്ടര്‍ മൊറേനോയിലൂടെ മെക്സിക്കോ സമനില പിടിച്ചു.
കാമറൂണിനെതിരെ ചിലിയുടെ ജയം അവസാന പത്ത് മിനിട്ടിലായിരുന്നു. എണ്‍പത്തൊന്നാം മിനുട്ടില്‍ വിദാലും തൊണ്ണൂറാം മിനുട്ടില്‍ വര്‍ഗാസും സ്കോര്‍ ചെയ്തു. പകരക്കാരനായിറങ്ങിയ ആഴ്സണല്‍ വിംഗര്‍ അലക്സിസ് സാഞ്ചസിൻ്റെ മികവിലായിരുന്നു ഈ രണ്ട് ഗോളുകളും.