ന്യൂഡൽഹി ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ പാക്കിസ്ഥാൻ്റെ അപ്രതീക്ഷിത മുന്നേറ്റത്തിനു പിന്നിൽ ഒത്തുകളിയെന്ന് ആരോപണം. പാക്ക് ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റൻ കൂടിയായ ആമിർ സൊഹൈലാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. കളിക്കളത്തിലെ മികവല്ല, കളത്തിനു പുറത്തെ ചില ‘ശക്തികളുടെ’ സഹായമാണ് പാക്കിസ്ഥാൻ്റെ മുന്നേറ്റത്തിനു പിന്നിലെന്നാണ് ആരോപണം.
ഒരു പാക്ക് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ചാംപ്യൻസ് ട്രോഫി പ്രകടനത്തിൽ പാക്കിസ്ഥാന് അഭിമാനിക്കാൻ യാതൊരു വകയുമില്ലെന്ന സൊഹൈലിൻ്റെ പ്രതികരണം. ഈ വിജയത്തിൽ അഭിമാനിക്കാനൊന്നുമില്ലെന്നും, പാക്കിസ്ഥാൻ ഫൈനലിൽ കടന്നിട്ടുണ്ടെങ്കിൽ അതു നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നതാണെന്നും സൊഹൈൽ ആരോപിച്ചു. അതേസമയം, ഒത്തുകളി എന്ന വാക്ക് സൊഹൈൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. സൊഹൈലിനൊപ്പമുണ്ടായിരുന്ന മുൻ ക്യാപ്റ്റൻ കൂടിയായ ജാവേദ് മിയാൻദാദ് ഈ വാദത്തെ ഖണ്ഡിച്ചുമില്ല എന്നത് ശ്രദ്ധേയമാണ്.
മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കും. മോശം കളിയാണെങ്കില് വിമർശിക്കുകയും ചെയ്യും. എങ്കിലും ഇത്തവണത്തെ ചാംപ്യൻസ് ട്രോഫിയിലെ പ്രകടനത്തെക്കുറിച്ച് അധികം വാചകമടിക്കേണ്ടതില്ല. പാക്കിസ്ഥാൻ ഫൈനലിലേക്ക് വന്നത് മുൻനിശ്ചയിച്ച പ്രകാരം മാത്രമാണ് – സൊഹൈൽ പറഞ്ഞു.
2010ലെ പാക്കിസ്ഥാൻ–ഇംഗ്ലണ്ട് പരമ്പരയുടെ സമയത്ത് ഒത്തുകളിച്ചെന്ന് ആരോപിച്ച് മൂന്ന് പാക്ക് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. സൽമാൻ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിർ എന്നിവരാണ് അന്ന് ശിക്ഷയ്ക്ക് വിധേയരായത്. ഇവരിൽ മുഹമ്മദ് ആമിർ പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. അദ്ദേഹം ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്ന പാക്ക് ടീമിലെ പ്രധാന ബോളറുമാണ്.
ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മൽസരത്തിൽ ഇന്ത്യയോട് തകർന്നടിഞ്ഞ പാക്കിസ്ഥാൻ, അതിനുശേഷം തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും തകർത്ത പാക്കിസ്ഥാൻ, സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെയും അനായാസം കീഴടക്കി. രണ്ടാം സെമിയിൽ ഇന്ത്യ ബംഗ്ലദേശിനെയും തകർത്തുവിട്ടതോടെ, എക്കാലവും വലിയ ആരാധകക്കൂട്ടങ്ങളെ ആകർഷിച്ചിട്ടുള്ള ഇന്ത്യ–പാക്കിസ്ഥാൻ ഫൈനലിന് അരങ്ങൊരുങ്ങുകയും ചെയ്തു.