ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണിലെ ഏറ്റവും വലിയ അട്ടിമറിയില്‍ ലോക മൂന്നാം നമ്പര്‍ താരം ലീ ചോങ് വെയിയെ മലയാളിതാരം എച്ച്.എസ്. പ്രണോയ് അട്ടിമറിച്ചു. ജയത്തോടെ ക്വാര്‍ട്ടര്‍ഫൈനല്‍ ഉറപ്പിക്കാനും താരത്തിനായി. കെ. ശ്രീകാന്തും അവസാന എട്ടില്‍ ഇടം നേടി. അതേസമയം വനിതാ വിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ പി.വി. സിന്ധുവും സൈന നേവാളും പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
ലോക റാങ്കിങ്ങില്‍ 25-ാം സ്ഥാനത്തുള്ള പ്രണോയിയുടെ കരിയറിലെ മികച്ച ജയമാണ് മലേഷ്യന്‍ താരത്തിനെതിരെ. 21-10, 21-18 എന്ന സ്‌കോറില്‍ അനായാസമായിരുന്നു ജയം. ശ്രീകാന്ത് നാലാം സീഡ് ഡെന്‍മാര്‍ക്കിന്റെ യാന്‍ ഒ യോര്‍ഗെന്‍സനെയാണ് മറികടന്നത്( 21-15, 20-22, 21-16).
വനിതാ വിഭാഗത്തില്‍ ലോക പത്താം നമ്പര്‍താരം അമേരിക്കയുടെ ബെയ് വെന്‍ സാങ്ങിനോടാണ് സിന്ധു കീഴടങ്ങിയത് (21-15, 12-21, 18-21). സൈന തായ്ലന്‍ഡിന്റെ നിച്ചോണ്‍ ജിന്‍ഡാപോളിനോടാണ് തോറ്റത് (15-21, 21-6, 16-21).
ലീ ചോങ്ങിനെതിരെ മിന്നുന്ന പ്രകടനമാണ് പ്രണോയ് കാഴ്ചവെച്ചത്. ആദ്യഗെയിമില്‍ 6-0ത്തിന് ലീഡെടുത്ത താരം 10-3 ലേക്ക് കുതിച്ചുകയറി. തുടര്‍ന്ന് 21-10 ല്‍ ഗെയിം നേടി. രണ്ടാം ഗെയിമില്‍ 10-6 ന് ലീഡ് നേടിയ പ്രണോയിക്കെതിരെ ശക്തമായി തിരിച്ചടിച്ച ലീ 13-12 ന് തൊട്ടടുത്തെത്തിയെങ്കിലും 17-14 ലേക്ക് ലീഡ് ഉയര്‍ത്തി ഇന്ത്യന്‍ താരം ഗെയിമും മത്സരവും സ്വന്തമാക്കി. ലോകറാങ്കിങ്ങില്‍ 22-ാം സ്ഥാനത്തുള്ള ശ്രീകാന്ത് ഒമ്പതാം റാങ്കുകാരനായ യോര്‍ഗന്‍സെന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്